Skip to main content
സോണിയ മുരുകേശന്‍

വിദ്യാഭ്യാസത്തിനും ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കും  പ്രാധാന്യം നല്‍കി വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്

 

    സംസ്ഥാനത്തെ ഏറ്റവുമധികം വരുമാനമുള്ള ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്. പഴയ തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളായിരുന്ന വടവുകോടിനെയും പുത്തന്‍കുരിശിനെയും ഒരുമിച്ച് ചേര്‍ത്ത് ഒറ്റ പഞ്ചായത്താക്കി മാറ്റുകയായിരുന്നു. പഞ്ചായത്തിന്റെ ഒരു ഭാഗത്ത് ഗ്രാമഭംഗി നിലനില്‍ക്കുമ്പോള്‍ മറുവശത്ത് കൊച്ചിന്‍ റിഫൈനറി, എഫ്.എ.സി.ടി, ഫിലിപ്പ്‌സ് കാര്‍ബണ്‍ തുടങ്ങിയ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായശാലകളാണുള്ളത്. വിശാലകൊച്ചിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ അതിവേഗത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. വിവിധ മേഖലകളിലുള്ള പഞ്ചായത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും പ്രതീക്ഷകളെപ്പറ്റിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ പറയുന്നു...

 

 

പ്രതീക്ഷയുടെ അമൃത കുടീരം 

 

    വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് അമ്പലമേട് അമൃത കുടീരം ഭവന പദ്ധതി. ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 117 കുടുംബങ്ങളുടെ സുരക്ഷിതമായ പാര്‍പ്പിടം എന്ന സ്വപ്നമാണ് പദ്ധതി വഴി സാക്ഷാത്കരിക്കപ്പെടുക. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടുകള്‍ക്കായി പഞ്ചായത്തും തുക വിനിയോഗിക്കുന്നുണ്ട്. സി.എസ്.ആര്‍ ഫണ്ട് കൂടി ഉപയോഗിക്കും. അപകടസാധ്യതയുള്ള മേഖലയായതിനാല്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അറുപതോളം വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മറ്റുള്ളവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഉടമസ്ഥര്‍ക്ക് കൈമാറാനാണ് തീരുമാനം. അമൃത കുടീരം പദ്ധതിക്ക് പുറമേ ഓരോ വാര്‍ഡിലും മുന്‍ഗണന അനുസരിച്ച് അഞ്ചുപേര്‍ക്ക് വീതം ഭവന നവീകരണത്തിനായും പഞ്ചായത്ത് തുക അനുവദിക്കുന്നുണ്ട്. 

 

ദാഹജലത്തിന് പ്രത്യേക പരിഗണന

 

    പീച്ചിങ്ങച്ചിറ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ആശ്വാസമാകും. നിലവിലുള്ള ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതുകൂടി നവീകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ജലജീവന്‍ പദ്ധതിക്കായി ലഭിച്ച 600ലധികം അപേക്ഷകളില്‍ കുടിവെള്ളക്ഷാമം ഏറ്റവും കൂടുതലായി നേരിടുന്നവര്‍ക്ക്, കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് അനുമതി നല്‍കുന്നത്. വേനല്‍ കടുത്തതോടെ ടാങ്കര്‍ ലോറികള്‍ വഴി സൗജന്യമായാണ് കുടിവെള്ളം എത്തിച്ചുനല്‍കിയത്

 

വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചമായി 'ദിശ'

 

    വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്ത് പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദിശാബോധം പകരുക എന്ന ഉദ്ദേശ്യത്തോടെയുള്ള സമഗ്ര വിദ്യഭ്യാസ പദ്ധതിയാണ് ദിശ. അങ്കണവാടി, സ്‌കൂള്‍ തുടങ്ങി പൊതുകെട്ടിടങ്ങളില്‍ ഒരുക്കുന്ന പഠനവീടുകള്‍ വഴി പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക്  ആവശ്യമായ കൈത്താങ്ങ് നല്‍കാനും ഉന്നതനിലവാരത്തോടെ മുഖ്യധാരയിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്തിലെ സ്‌കൂളുകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ദിശയ്ക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്കായി മേശയും കസേരയും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു.

 

ജനപങ്കാളിത്തം ഉറപ്പാക്കാന്‍ അയല്‍സഭകള്‍

 

    വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അയല്‍സഭകള്‍ ശക്തമാക്കും. 50 വീടുകള്‍ ഉള്‍പ്പെടുന്ന ഓരോ അയല്‍സഭകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വാര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അയല്‍സഭ വഴിയാകും നടപ്പാക്കുക. വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നടത്താനും ഒരോ പ്രദേശത്തെയും മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാനും കഴിയും. ഏപ്രില്‍ മാസത്തോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.

 

ഫണ്ട് വിനിയോഗത്തില്‍ ഒന്നാമത്

 

    പദ്ധതി വിഹിത വിനിയോഗത്തിന്റെ കാര്യത്തില്‍ മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാണ് വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്ത്. നിലവില്‍ 92 ശതമാനം കഴിഞ്ഞ പഞ്ചായത്ത് ഫണ്ട് വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് ഒന്‍പതാം സ്ഥാനത്തുമാണ്. മാര്‍ച്ച് മാസം അവസാനിക്കുന്നതിനു മുന്‍പ് നൂറു ശതമാനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 

 

മാലിന്യപ്രശ്‌നം നേരിടാന്‍ ചൂലെടുത്ത് ഹരിത കര്‍മസേന

 

    ഏറെ വൈകി ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്തുകളിലൊന്നാണ് വടവുകോട് - പുത്തന്‍കുരിശ്. കൊച്ചി നഗരസഭയുടെ ബ്രഹ്മപുരത്തെ പ്ലാന്റായിരുന്നു മാലിന്യ നിര്‍മാര്‍ജനത്തിനായി നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വയംപര്യാപ്തത നേരിടുന്നതിന്റെ ഭാഗമായും തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന്റെ അളവുകോലുകളില്‍ പ്രധാനപ്പെട്ടതായതിനാലും കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഹരിത കര്‍മസേന രൂപീകരിക്കുകയായിരുന്നു.  ഇതിനോടകം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സേനക്ക് കഴിഞ്ഞിട്ടുണ്ട്. ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഓരോ മാസവും ശേഖരിച്ച് കരാറുകാര്‍ക്ക് നല്‍കുന്നത്. ഇതിനു പുറമേ ഉറവിട മാലിന്യ സംസ്‌കരണത്തിനായി ബയോ ബിന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

 

കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍

 

    വ്യവസായങ്ങള്‍ക്ക് പേരുകേട്ട വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്ത് കൃഷിക്കും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബറും തെങ്ങുമാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍. 40 ഹെക്ടറോളം നെല്‍വയലുകളുള്ള പഞ്ചായത്തില്‍ 28 ഹെക്ടര്‍ സ്ഥലത്താണ് നിലവില്‍ കൃഷിയുള്ളത്. ഇതില്‍ എട്ട് ഹെക്ടറിലാണ് പുതുതായി നെല്‍കൃഷി ആരംഭിച്ചത്. തെങ്ങുകളെ ബാധിക്കുന്ന പ്രധാന രോഗമായ കൂമ്പുചീയലും, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി കീടങ്ങളെ നശിപ്പിക്കാനുമുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. ഇതിന്റെ ഭാഗമായി 5,780 തെങ്ങുകളിലാണ് സബ്‌സിഡി നിരക്കില്‍ മണ്ട വൃത്തിയാക്കിയത്.

 

മാതൃകാപരമായ കോവിഡ് പ്രതിരോധം

 

    കോവിഡ് പ്രതിരോധം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു വടവുകോട് പഞ്ചായത്ത് കാഴ്ചവച്ചത്. കോവിഡ് ബാധിതര്‍ക്കായി സി.എഫ്.എല്‍.ടി.സിയും ഡി.സി.സിയും പ്രവര്‍ത്തിച്ചിരുന്നു. ജനകീയ ഹോട്ടലുകള്‍ വഴി ആവശ്യക്കാര്‍ക്ക് മുഴുവന്‍ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞു. പഞ്ചായത്തിന് കീഴിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്തതും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ്.

 

അടിസ്ഥാന വികസനത്തിന് പരിഗണന

 

    എല്ലാ വാര്‍ഡിലും ഓരോ റോഡുകള്‍ വീതം നവീകരിക്കാനായി. പരമാവധി ചെറിയ റോഡുകളും കട്ട വിരിച്ചാണ് നവീകരിച്ചത്. പുതുതായി എട്ട് അങ്കണവാടികളാണ് പുതുക്കി പണിതത്. പൊതുസ്‌കൂളുകളും നവീകരിച്ചിട്ടുണ്ട്. ടേക് എ ബ്രേക് പദ്ധതിയുടെ ഭാഗമായി അത്യാധുനിക രീതിയിലുള്ള മൂന്ന് പൊതുടോയ്‌ലറ്റുകളാണ് നിര്‍മിച്ചത്. വയോജനങ്ങള്‍ക്ക് കട്ടിലുകളും വിതരണം ചെയ്തു.
 

date