മാതൃകാ ഗ്രാമമാകാന്‍ നായരമ്പലം പഞ്ചായത്ത്
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരപ്രദേശ ഗ്രാമപഞ്ചായത്താണ് നായരമ്പലം. കായലും തോടും പൊക്കാളി പാടങ്ങളും തെങ്ങും കവുങ്ങുമെല്ലാം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ഇവിടം. നായരമ്പലം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് നീതു ബിനോദ് സംസാരിക്കുന്നു...
സാഗി പഞ്ചായത്ത്
ഹൈബി ഈഡന്‍ എം.പി ഈ വര്‍ഷത്തെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം സാഗി പഞ്ചായത്ത് ആയി തെരഞ്ഞെടുത്തിരിക്കുന്നത് നായരമ്പലം പഞ്ചായത്തിനെയാണ്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി, നായരമ്പലം ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമമായി മാറ്റാന്‍ ശ്രമിക്കും.
സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍
ജലജീവന്‍ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ ജലം പമ്പ് ചെയ്യുന്നതിനുള്ള പൊതു മോട്ടോറുകളുടെ തകരാറുകള്‍ മാറ്റുകയും ചെയ്തു. ഇതോടെ ഒരു പരിധി വരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍
തോടുകളുടെ ആഴം വര്‍ധിപ്പിക്കുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി നീരൊഴുക്ക് സുഗമമാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. കൂടാതെ മഴക്കാലത്ത് വെള്ളപ്പൊക്കം വന്നപ്പോള്‍ തീരദേശത്ത് ഏറ്റവും ദുരിതമനുഭവിച്ച പത്തോളം വീട്ടുകാരെ മൂന്ന് മാസത്തേക്ക് വാടക വീടുകള്‍ എടുത്തുനല്‍കി പഞ്ചായത്ത് സംരക്ഷിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനം
റോഡ് നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം 64 ലക്ഷം രൂപ ചെലവഴിച്ചു. ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) പദ്ധതി പ്രകാരം 50 ലക്ഷം രൂപ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കൂടാതെ, ബി.വി.എച്ച്.എസ് സ്‌കൂളിലെ വോളിബോള്‍ ടീമിന് എല്ലാ വര്‍ഷവും 50,000 രൂപയുടെ സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്യുന്നുണ്ട്.
മാലിന്യ നിര്‍മാര്‍ജനം
എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേനകള്‍ സജീവമാണ്. ഒരു എംസിഎഫ്, പകുതിയോളം വാര്‍ഡുകളില്‍ മിനി എം സി എഫുകള്‍, എല്ലാ വാര്‍ഡുകളിലും ഉന്ത് വണ്ടികള്‍, സേനാ അംഗങ്ങള്‍ക്ക് യൂണിഫോം, ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ വീടുകളില്‍ കമ്പോസ്റ്റ് വളം നിര്‍മ്മിക്കുന്നതിനായി ബിന്നുകളും വിതരണം ചെയ്യുന്നുണ്ട്.
- Log in to post comments