ലൈഫ് - വീടുകള്‍ 31 നകം പൂര്‍ത്തിയാക്കണം : കലക്ടര്‍
ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള വീടുകളുടെ നിര്‍മ്മാണത്തില്‍ 85 ശതമാനം പൂര്‍ത്തീകരിച്ച ജില്ലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ബാക്കിയുള്ളവ ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്നും ജില്ല കലക്ടര്‍ അമിത് മീണ. ലൈഫ് മിഷന്‍ ജില്ലാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ആകെയുള്ള 2838 വീടുകളില്‍ 2380 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ 89 ശതമാനവും പഞ്ചായത്ത് തലത്തില്‍ 88 ശതമാനവും നഗരസഭകളുടെ 76 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 87 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 77 ശതമാനവും ഫിഷറീസ് വിഭാഗത്തില്‍ 86 ശതമാനവും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫിഷറീസ് വിഭാഗത്തില്‍ മുടങ്ങിക്കിടന്നിരുന്ന ഫണ്ട് ലഭ്യമായതിനാല്‍ മേഖലയിലെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനാവും.
ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്ത വീടുകളുടെ ഗുണഭോക്താക്കളെ ജനപ്രതിനിധികളുടെ സഹായത്തോടെ സമീപിച്ച് നിര്‍മ്മാണം ഉടന്‍ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. മുന്‍കൂര്‍ തുക വാങ്ങിയിട്ടും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തിനു സഹകരിക്കാത്ത ഗുണഭോക്താക്കള്‍ക്കു നോട്ടീസ് നല്‍കും. ആവശ്യമെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
ചോലാര്‍മല ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് കാലവര്‍ഷത്തെ തുടര്‍ന്നു തകര്‍ന്നതിനാല്‍ കോളനിയിലെ ലൈഫ് വീടുകളുടെ നിര്‍മ്മാണം തുടരാനാവാത്ത സാഹചര്യത്തില്‍ റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബി.ഡി.ഒ ക്കും ഐ.ടി.ഡി.പി ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. കോളനികളിലെ വീടുകളില്‍ ഇടനിലക്കാര്‍ സാമ്പത്തിക ചൂഷണം നടത്തുന്നത് നിരീക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജില്ലയിലെ പട്ടികജാതി വികസന ഓഫീസര്‍മാരെയും പദ്ധതി പൂര്‍ത്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നഗരസഭ സെക്രട്ടറിമാരെയും ബി.ഡി.ഒ മാരെയും യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. ശ്രീഹരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments