Skip to main content

ദേശീയ നഗര ഉപജീവന ദൗത്യം: നൈപുണ്യ പരിശീലന പദ്ധതി കൂടുതല്‍ മേഖലകളില്‍ ആദ്യ ഘട്ട സാദ്ധ്യതാ പഠനം കോട്ടയ്ക്കലിലും പെരിന്തല്‍മണ്ണയിലും

 

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍.യു.എല്‍.എം) കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതി വിപുലപ്പെടുത്തുന്നു. നിലവില്‍ 73 ട്രേഡുകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍  കൂടുതല്‍ എണ്ണം ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് ദൗത്യത്തിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ. സംസ്ഥാനത്തെ നഗരങ്ങളില്‍ തൊഴില്‍ സാധ്യതാ പഠനം നടത്തിയ ശേഷമായിരിക്കും പുതിയ ട്രേഡുകള്‍ തിരഞ്ഞെടുക്കുക. ജില്ലയിലെ കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ നഗരങ്ങളെയാണ് ആദ്യഘട്ട തൊഴില്‍ സാദ്ധ്യതാ പഠനത്തിനായി സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.
പുതിയ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഈ നഗരങ്ങളിലെ തൊഴില്‍ സാദ്ധ്യതകള്‍ തിട്ടപ്പെടുത്തി മുന്‍ഗണനാ ക്രമം നിശ്ചയിക്കും. സ്‌കില്‍ ഗ്യാപ് അനാലിസിസ് നടത്തിയായിരിക്കും തൊഴില്‍ സാദ്ധ്യതകള്‍ മനസ്സിലാക്കുക.
സംസ്ഥാനത്ത് ദ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന പ്രധാന പട്ടണമെന്ന പ്രത്യേകതയും കുറഞ്ഞ ചുറ്റളവില്‍ വിവിധ തൊഴില്‍ മേഖലകള്‍ ഉണ്ടെന്നതും കോട്ടയ്ക്കലിനെ തിരഞ്ഞെടുക്കുന്നതിന് കാരണമായി. ഒരു പട്ടണത്തില്‍ തന്നെ 16 ഓളം വലിയ ആശുപത്രികളും മറ്റു തൊഴില്‍ ദാതാക്കളും ഉണ്ടെന്ന പ്രത്യേകതയാണ് പെരിന്തല്‍മണ്ണയെ പഠനത്തിനായി തെരഞ്ഞെടുക്കാന്‍ കാരണമായത്. ഈ നഗരസഭകളിലെ ജനപ്രതിനിധികളുടെ പിന്തുണയും കൂടിയായപ്പോള്‍ ഈ നഗരങ്ങളെ ആദ്യഘട്ട പഠനത്തിനായി തെരഞ്ഞെടുത്തു.
ഈ നഗരങ്ങളിലെ പ്രധാന തൊഴില്‍ ദാതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നൈപുണ്യ രംഗത്തെ വിദഗ്ധര്‍, നിര്‍മാണ മേഖലയിലെ സംഘടനകള്‍, ആശുപത്രി മാനേജ്‌മെന്റ് തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് തൊഴില്‍ മേഖലയിലെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കും. ഈ നഗരങ്ങളിലെ ജനസംഖ്യ, സാമ്പത്തികാവസ്ഥ, വിദ്യാഭ്യാസ സൗകര്യങ്ങള്‍, യുവജനങ്ങളുടെ ട്രെന്റ്, പ്രധാന ജോലികള്‍ തുടങ്ങിയവ വിശദമായി പഠിക്കും. തുടര്‍ന്ന് ഭാവിയില്‍ ഏതെല്ലാം മേഖലയില്‍ ജോലി സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 1700 എന്‍.എസ്.ക്യു.എഫ് കോഴ്‌സുകളില്‍ നിന്നും ഈ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകളായിരിക്കും നൈപുണ്യ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
തൊഴില്‍ സാദ്ധ്യതാ പഠനത്തിന്റെ ഭാഗമായുള്ള ആദ്യ യോഗം ഇന്ന് (ജൂലൈ അഞ്ച്) വൈകിട്ട് മൂന്നിന് കോട്ടയ്ക്കല്‍ നഗസഭയില്‍ നടക്കും. കുടുംബശ്രീ ഉദ്യോഗസ്ഥര്‍, നഗരത്തിലെ പ്രധാന തൊഴില്‍ ദാതാക്കള്‍, വ്യാപാര- നിര്‍മാണ മേഖലാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

 

date