Skip to main content

ശുഭയാത്ര 2018 ട്രാഫിക്ക് ബോധവൽക്കരണ പരിപാടിക്ക് പുന്നപ്രയിൽ സ്വീകരണം.

ആലപ്പുഴ: വേഗം കുറയ്ക്കു നിങ്ങളെ പ്രതീക്ഷിച്ച് കുടുംബം കാത്തിരിക്കുന്നു ' ആലപ്പുഴ ജില്ലാ  പോലീസും ജില്ലാ പഞ്ചായത്തും  സംയുക്തമായി സംഘടിപ്പിക്കുന്ന ശുഭയാത്ര 2018 ന്റെ  ആപ്തവാക്യമാണിത്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന ശുഭയാത്ര 2018 പുന്നപ്ര സ്റ്റേഷൻ പരിധിയിലെത്തി. ജൂൺ 18 മുതൽ ജൂലൈ 19 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ശുഭയാത്ര 2018 ജനങ്ങൾക്ക് നൽകുന്നത് ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചുളള ബോധവൽക്കരണമാണ്. 

 

പുന്നപ്ര മാതൃക പോലീസിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി  കുട്ടികളുടെയും സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പെടുന്ന 250ലധികം കുട്ടികൾ പങ്കെടുത്ത ട്രാഫിക് ബോധവത്ക്കരണ റാലിയും ആലപ്പുഴ ജില്ലാ പോലീസ് സംഘാഗങ്ങളുടെ നാടകവും പൊതുയോഗവും പുന്നപ്ര മാർക്കറ്റിൽ നടന്നു. ഹെൽമറ്റ് ധരിക്കേണ്ടതിന്റെയും സീറ്റ് ബെൽറ്റ് ഇടേണ്ടതിന്റെയും മറ്റ് റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത അറിയിക്കുന്നതാണ് ശുഭയാത്ര 2018. 

 

 പൊതുയോഗത്തിൽ ആലപ്പുഴ ഡി.വൈ.എസ്.പി.  പി.വി ബേബി  മുഖ്യ പ്രഭാഷണം നടത്തി. റോഡപകടത്തിൽ  പരിക്കേറ്റ് തളർന്ന അവസ്ഥയിൽ  ചികിത്സയിൽ കഴിയുന്ന മനേഷിനായി പുന്നപ്ര മാതൃക പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ സമാഹരിച്ച സഹായ നിധിയുടെ ആദ്യ ഗഡു വിതരണവും ചടങ്ങിൽ നടന്നു. യോഗത്തിൽ ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. ജി ബിജു ട്രാഫിക് നിയമങ്ങളെക്കുറിച്ചും ട്രാഫിക് സംവിധാനത്തെ സംബന്ധിച്ചും ബോധവത്കരണ ക്ലാസും നടത്തി.

(പി.എൻ.എ. 1555/2018)

date