Skip to main content

ആന്‍ലീനയും സുമീഷയും  ഉജ്ജ്വല ബാല്യ പുരസ്‌കാരം ഏറ്റുവാങ്ങി

 

    ജില്ലയിലെ ഉജ്ജ്വല ബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പുഴ മലിനീകരണത്തിന്റെ ദുരന്ത കാഴ്ചകളുടെ ഫോട്ടോകള്‍ ശേഖരിക്കുകയും  പരിഹാരം വേണമെന്നാവശ്യപ്പെടുകയും ചെയ്ത മരട് സ്വദേശി ആന്‍ലീന അജു, വേദിക് മാത്ത്‌സ്, മെന്റല്‍ മാത്ത്‌സ്് എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച എളമക്കര സ്വദേശി സുമീഷ എസ് പൈ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉജ്ജ്വല ബാല്യ പുരസ്‌കാരം കൈമാറി. മുഖ്യമന്ത്രിക്ക് കത്ത് എഴുതി ശ്രദ്ധേയായ വിദ്യാര്‍ഥിനിയാണ്  ആന്‍ലീന അജു.  മെമന്റോയും 25,000 രൂപയുമാണ് പുരസ്‌കാരം. 

    
    വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പത്ത് കുട്ടികള്‍ക്കുള്ള അനുമോദന പത്രവും ചടങ്ങില്‍ കൈമാറി. വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഹ്രസ്വ ചിത്രം കോടമഞ്ഞിന്റെ പ്രകാശനവും പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഉദയം പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിര്‍മ്മിച്ചത്. പോറ്റി വളര്‍ത്തല്‍ എന്ന വിഷയത്തെ ആധാരമാക്കിയുള്ളതായിരുന്നു ചിത്രം. സ്റ്റെഫി മാഞ്ഞൂരാനാണ് ചിത്രത്തിന്റെ സംവിധാനം. 

    ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡാര്‍ലിൻ ഡൊണാള്‍ഡ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ്. സിനി എന്നിവരും സന്നിഹിതരായിരുന്നു.

date