സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പ്രഭാഷണം: എല്ലാ വിഭാഗം ജനങ്ങളെയും ശാക്തീകരിച്ച് ദേശീയത നിലനിര്‍ത്തണം: ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണന്‍
എല്ലാ വിഭാഗം ജനങ്ങളെയും ശാക്തീകരിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യം, ജനാധിപത്യം, ദേശീയത എന്നിവ നിലനിര്‍ത്താന്‍ കഴിയൂവെന്ന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വടക്കേ അടുവാശേരി ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വായനാശാല അങ്കണത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയ നമ്മുടെ രാഷ്ട്രം മുന്നോട്ടു പോകണമെങ്കില്‍ ഈ രാജ്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന മനസുള്ള ജനത ഉണ്ടാകണം. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മനസുള്ള ജനതയായിരുന്നു നമ്മുടേത്. ആ കഴിവ് തിരിച്ചെടുക്കണം. രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന ജനത എന്ന നിലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാടുകളാണ് സ്വീകരിക്കേണ്ടത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ അവകാശമാണ് നമ്മുടെ ഭരണഘടന നല്‍കുന്നത്. രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കണമെങ്കില്‍ ഈ ജനതയെ ആകമാനം ശാക്തീകരിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെമിനാറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, വായനശാല സെക്രട്ടറി കെ.എ.രാജേഷ്, എം.വി.ജയകുമാരി, വി.കെ.അനില്‍, സുനില്‍ കടവില്‍, കെ.സി.ജയകുമാര്‍, മുസ്തഫ കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിച്ച നാടന്‍പാട്ടുപുരയില്‍ വ്യത്യസ്തങ്ങളായ നാടന്‍ പാട്ടുകളുടെ സംഗമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നാട്ടില്‍ അരങ്ങേറിയ കലാപരിപാടി നൃത്തംചെയ്തും നാടന്‍പാട്ടുകള്‍ ഏറ്റുപാടിയുമാണ് അവര്‍ വരവേറ്റത്.
- Log in to post comments