Skip to main content

ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ "സാന്ത്വനം" ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

 

       എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നാല് മേഖലകളിൽ ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ എ ഡി ഐ പി പദ്ധതി പ്രകാരം  ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

          നോർത്ത് പറവൂർ, നായരമ്പലം, പള്ളുരുത്തി, കാക്കനാട് എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 1200 ഭിന്നശേഷിക്കാർ പങ്കെടുത്തു. ട്രൈസൈക്കിൾ, വീൽ ചെയർ, എം ആർ കിറ്റ്, ആർട്ടിഫിഷ്യൽ ലിമ്പ്, വാക്കിംഗ് സ്റ്റിക്ക്, ക്രച്ചസ്, ഹിയറിങ് എയ്ഡ് തുടങ്ങി 29 ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. നിർണ്ണയ ക്യാമ്പിൽ നിന്നും 522 പേരെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. എത്രയും പെട്ടെന്ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം. പി അറിയിച്ചു. ഇതിന് പുറമെ ക്യാംപിലെത്തിയ ത്രീ വീലർ സ്കൂട്ടറുകളുടെയും ഇലക്ട്രോണിക് വീൽ ചെയറുകളുടെയും അപേക്ഷകൾ പരിഗണിക്കുമെന്ന് എം. പി അറിയിച്ചു.

         കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയിൽ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പിൽ എത്തിയിരുന്നത്. ആരോഗ്യ വകുപ്പിൽ നിന്നും ഓർത്തോ, ഇ എൻ ടി ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ വോളന്റീർമാരായി.

      തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ  നടന്ന അവസാനത്തെ ക്യാമ്പിൽ ജില്ലാ കളക്ടർ, ജാഫർ മാലിക്, അസിസ്റ്റന്റ് കളക്ടർ സച്ചിൻ യാദവ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി. ത ഷംനാദ് ,തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ട്രീസ മാനുവൽ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

date