Skip to main content
രസികല പ്രിയരാജ്

സ്വപ്നത്തുരുത്തില്‍ എളങ്കുന്നപ്പുഴ

 

വേമ്പനാട് കായലിനു കുറുകേ ഗോശ്രീ പാലവും കടന്ന് ചെല്ലുന്നത് എളങ്കുന്നപ്പുഴയുടെ സ്വപ്ന ഗ്രാമത്തിലേക്കാണ്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എളങ്കുന്നപ്പുഴയുടെ സ്വപ്ന പദ്ധതികളും നിരവധിയാണ്. വികസന സ്വപ്നങ്ങള്‍ കാണുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് സംസാരിക്കുന്നു, മുന്നില്‍ കാണുന്ന വികസന പ്രതീക്ഷകളെക്കുറിച്ച്...

 

അടിസ്ഥാന വികസനം

 

തീരദേശ മേഖലയായ എളങ്കുന്നപ്പുഴയില്‍ ഓരുവെള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തോടുകളുടെ പുനരുദ്ധാരണത്തിനാണ് പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്. തോടുകളുടെ നവീകരണത്തിനായി 70 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചിട്ടുള്ളത്. ഒഴുക്ക് ക്രമീകരിച്ചതോടെ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു. 2.5 കോടി രൂപയുടെ തൊഴില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ലൈഫ് പദ്ധതിയും വളരെ മികച്ച രീതിയില്‍ പഞ്ചായത്തില്‍ നടപ്പാക്കി വരുന്നു. 125 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1,700 പുതിയ അപേക്ഷകള്‍ ആണ് ഈ വര്‍ഷം ലഭിച്ചിട്ടുള്ളത്. 

 

മാലിന്യ സംസ്‌കരണം

 

മാലിന്യ സംസ്‌കരണത്തിന് വളരെ മികച്ച പ്രാധാന്യമാണ് പഞ്ചായത്ത് നല്‍കിവരുന്നത്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിനാണ് അടുത്ത മുന്‍ഗണന. പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള എം.സി.എഫിന്റെ നിര്‍മാണം പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടമായി പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കാനാണ് ശ്രമം. 

 

വിദ്യാഭ്യാസം

 

അങ്കണവാടികളുടെയും പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളുടെയും നവീകരണത്തിന് വലിയ പ്രാധാന്യമാണ് പഞ്ചായത്ത് നല്‍കുന്നത്. രണ്ട് അങ്കണവാടികള്‍ക്കായി പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചു. ജിഡയുടെ സഹായത്തോടു കൂടിയാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുതുവൈപ്പ് എല്‍.പി സ്‌കൂളിന്റെ  നവീകരണത്തിനായി എല്‍.എന്‍.ജിയുടെ സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. എളങ്കുന്നപ്പുഴ സ്‌കൂളും നവീകരിക്കാനുള്ള  ശ്രമങ്ങള്‍ നടന്നുവരുന്നു. ബഡ്‌സ് സ്‌കൂളിനായി പുതിയ വാഹനം സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങി. 

 

സ്ത്രീ സുരക്ഷ 

 

വിവിധ തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നത് ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്. അതിന്റെ ഭാഗമായി പഞ്ചായത്തില്‍ ജാഗ്രതാ സമിതിക്ക് പുതിയ കെട്ടിടം തയ്യാറായിവരികയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്. ഈ കേന്ദ്രത്തെ വനിതാ ശാക്തീകരണ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

 

ആശുപത്രികളുടെയും മുഖം മാറും

 

എളങ്കുന്നപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് പഞ്ചകര്‍മ ചികിത്സാ കേന്ദ്രം കൂടി തുടങ്ങാനുള്ള ശ്രമം പുരോഗമിക്കുന്നു. കോവിഡ് കാലത്ത് ഗ്രാമപഞ്ചായത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നതായിരുന്നു. ജനസംഖ്യ കൂടിയ പ്രദേശമായതിനാല്‍ ആളുകളിലേക്ക് വാക്‌സിന്‍ പൂര്‍ണമായി എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഈ വെല്ലുവിളികളെ ആത്മവിശ്വസത്തോടെ നേരിട്ടതിന്റെ ഫലമായി പഞ്ചായത്ത് പരിധിയില്‍, രണ്ട് ഡോസ് വാക്‌സിനേഷന്‍ ഏകദേശം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 

 

മുന്നിലുണ്ട് നിരവധി സ്വപ്നങ്ങള്‍

 

ഗ്രാമപഞ്ചായത്തിന്റെ പ്രവേശന കവാടമാണ് ഗോശ്രീ പാലങ്ങള്‍. ഗോശ്രീ പാലത്തിന്റെ സൗന്ദര്യവത്കരണമാണ് ഗ്രാമപഞ്ചായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി ഗോശ്രീ പാലങ്ങളിലൊന്നില്‍ പൂര്‍ണമായി വഴിവിളക്കുകള്‍ സ്ഥാപിച്ചു. ജിഡയുടെ അനുമതിയോടെ വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. വിവിധ തരത്തിലുള്ള പദ്ധതികള്‍ ഇതിനായി ആലോചിക്കുന്നുണ്ട്. കുടുംബശ്രീക്ക് വേണ്ടി സുസജ്ജമായ പുതിയ കെട്ടിടം നിര്‍മിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനൊപ്പം ജനകീയ അടുക്കളയും നിര്‍മിക്കും.പൊതുജന പങ്കാളിത്തത്തോടെയുള്ള അങ്കണവാടികളുടെ നവീകരണമാണ് മറ്റൊരു ലക്ഷ്യം. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഇ-ഓട്ടോകള്‍ വാങ്ങുക, ട്രോളികള്‍ വാങ്ങുക എന്നതാണ് മറ്റൊരു ലക്ഷ്യം. 
പഞ്ചായത്തിന് കീഴിലുളള ബീച്ചുകളുടെ നവീകരണവും അടിസ്ഥാന വികസനവുമാണ് മറ്റൊരു പ്രധാന പദ്ധതി. ടോയ്‌ലറ്റുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുക്കും.

 

date