Skip to main content
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് രചിച്ച കവിതകൾ കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഒരുക്കിയ ഹരിതം കാവ്യരാഗം സംഗീത രാവ് പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സമീപം

ചീഫ് സെക്രട്ടറിയുടെ കവിതകൾ കാവ്യമായി പെയ്തിറങ്ങിയ സംഗീത രാവ്

 

കവിത കാവ്യമായി പെയ്തിറങ്ങിയ ഹരിതം കാവ്യരാഗം സംഗീത രാവ് നവ്യാനുഭവമായി. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് രചിച്ച കവിതകൾ കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഒരുക്കിയ സംഗീത രാവിന് വേദിയായത് ചീഫ് സെക്രട്ടറി പഠിച്ച പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണം. ഈ നിമിഷത്തിന് സാക്ഷിയായത് ഗുരുക്കന്മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരുമടങ്ങുന്ന പ്രൗഢ സദസ്. 

പ്രകൃതി ദർശനവും പാരിസ്ഥിതിക വീക്ഷണവും അടിസ്ഥാനമാക്കി വി.പി. ജോയ് രചിച്ച ആറു കവിതകളാണ് ശാസ്ത്രീയ സംഗീതത്തിൻ്റെ രാഗതാളങ്ങളോടെ ആവിഷ്ക്കരിച്ചത്. അനേക ലോകങ്ങൾക്കിടയിൽ വാസയോഗ്യമായ ഏക ലോകം തിരയുന്ന 'ലോകങ്ങൾ', ഇന്നത്തെ ഇലകൾ ഇന്നലത്തെ വേരുകൾക്ക് നന്ദിയർപ്പിക്കുന്ന 'ഇലയും വേരും', നാട്ടുവഴികൾ കടന്ന് നാട്ടു പള്ളിക്കൂടത്തിൽ പഠിച്ചതിൻ്റെ സമ്പന്നമായ ബാല്യകാല ഓർമ്മകൾ വരച്ചിട്ട പ്രകൃതി ലോലം ഭാഗം-1', പ്രപഞ്ച രഹസ്യങ്ങൾ തിരയുന്ന ശാസ്ത്രഞ്ജൻ്റ മനസ് പ്രകടമാകുന്ന | 'പ്രകൃതി ലോലം ഭാഗം-2', ഒന്ന് മറ്റൊന്നിന് ആനന്ദമാകുന്ന ഭാരതീയ ലാവണ്യ ചിന്തയിൽ അധിഷ്ഠിതമായ 'തണൽ' 
പ്രകൃതിയെ സ്തുതിക്കുന്ന 'മംഗളം' എന്നീ കവിതകളാണ് വിദ്യാഭ്യാസ വിചക്ഷ ണനും സംഗീത സംവിധായകനുമായ ഡോ. മണക്കാല ഗോപാലകൃഷ്ണൻ 
ആറു രാഗങ്ങളിലായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. കവിതകളുടെ സാഹിത്യ അവതരണം കടമ്മനിട്ട പ്രസന്നകുമാർ നിർവഹിച്ചു. ജോയ് വാഴയിൽ എന്ന പേരിലാണ് ഡോ. വി.പി. ജോയ് കവിതകളെഴുതുന്നത്. 

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഗീത രാവ് ഉദ്ഘാടനം ചെയ്തു. ഭരണമികവിനൊപ്പം സർഗാത്മക മികവും പ്രകടമാക്കുകയാണ് വി.പി. ജോയ് എന്ന് മന്ത്രി പറഞ്ഞു. ജോലിത്തിരക്കുകൾക്കിടയിലും സർഗാത്മക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നു. കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന  ഭരണ നിർവഹണ മേഖലയിലെ പ്രധാന കണ്ണിയാണ് അദ്ദേഹം. നാടിൻ്റെ വികസനം മുന്നിൽക്കണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ വശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു. 

ചീഫ് സെക്രട്ടറി പൂർവ വിദ്യാർഥിയായ പൂതൃക്ക സ്കൂളിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ അധ്യാപകരും പിടിഎ യും ശ്രമം നടത്തണമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ കോരൻ കടവ് പാലത്തിൻ്റെ നിർമ്മാണം സംബന്ധിച്ച പ്രശ്നവും അധ്യക്ഷ പ്രസംഗത്തിനിടെ എം എൽ എ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.  

സ്നേഹത്തിൻ്റെയും സഹൃദയത്വത്തിൻ്റെയും സന്ദേശമെത്തിക്കുകയാണ് കവിതയുടെ ധർമ്മമെന്ന് ഡോ. വി.പി. ജോയ് പറഞ്ഞു. വിജ്ഞാനത്തിൻ്റെയും കലയുടെ യും വെളിച്ചം വീശുന്ന വിദ്യാലയമായി പൂതൃക്ക സ്കൂൾ നിലകൊള്ളട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തൻ്റെ കവിതകൾക്ക് ശാസ്ത്രീയ സംഗീതാവിഷ്ക്കാരം നൽകിയ ഡോ. മണക്കാല ഗോപാലകൃഷ്ണനെ അദ്ദേഹം ആദരിച്ചു. 

വി.പി. ജോയ് കവിതകൾ അടിസ്ഥാനമാക്കി സംഘടിപ്പിച്ച കവിതാ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഞാറള്ളൂർ ബെത് ലഹേം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി പാർവതി ജി. അരീക്കൽ, രണ്ടാം സ്ഥാനം നേടിയ പൂതൃക്ക ജി.വി. എച്ച്.എസ്. എസിലെ പ്ലസ് വൺ വിദ്യാർഥിനി ഗൗരി നന്ദന പി. എസ് എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിനർഹമായ കാണാമറ എന്ന കവിത പാർവതി വേദിയിൽ ആലപിച്ചു. 

ഡോ. വി.പി. ജോയിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു.
പൂതൃക്ക സ്കൂളിൽ വർണ്ണ വസന്തം പരിപാടിയുടെ ഭാഗമായി സ്കൂൾ ചുമരിൽ ചിത്രരചന നിർവഹിച്ച ആർ.എൽ.വി കോളേജിലെ അധ്യാപകരെയും വിദ്യാർഥികളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. 18 മണിക്കൂർ കൊണ്ടാണ് സ്കൂളിൻ്റെ ചുമരുകൾ കേരളീയ ചരിത്രം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയത്.

അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജോയ്, വാർഡ് അംഗം ടി.വി. രാജൻ, പ്രധാനാധ്യാപകൻ പി.ഗംഗാധരൻ, പി.ടി.എ പ്രസിഡൻ്റ് കൊച്ചുമോൻ, പൂതൃക്ക പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് സി.എം. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. 1978 ലാണ് ഡോ. വി.പി. ജോയ് പൂതൃക്ക ജി.എച്ച്.എസ്.എസിൽ നിന്ന് എസ്. എസ്. എൽ.സി പഠനം പൂർത്തിയാക്കിയത്.

date