Skip to main content

ഉണക്കി പൊടിച്ച ചാണകം ഇനി  പരിസ്ഥിതിസൗഹൃദ പാക്കറ്റില്‍;  പദ്ധതിയുമായി നേമം ബ്ലോക്ക് പഞ്ചായത്ത്

 
* തൊഴുത്തും പരിസരവും മാലിന്യമുക്തമാക്കുന്നതും ജൈവവള പ്രോത്സാഹനവും 
  ലക്ഷ്യം.

      * 1700 ഓളം ക്ഷീര കര്‍ഷകരെ പദ്ധതിയുടെ ഭാഗമാക്കും

പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കാനൊരുങ്ങുന്നു.   1700 ഓളം ക്ഷീരകര്‍ഷകരും 25 ക്ഷീര സംഘങ്ങളുമാണ് ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്നത്. ക്ഷീരോത്പാദനത്തിനുപുറമെ  തൊഴുത്തുകള്‍ മാലിന്യമുക്തവുമാകണം എന്ന ആശയം മുന്‍നിര്‍ത്തി ചാണകം ഉണക്കിപ്പൊടിച്ച് പരിസ്ഥിതി സൗഹൃദ  പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്. ഇതിനായി  താല്‍പ്പര്യമുള്ളവരില്‍ നിന്നും ഗ്രാമസഭാ തലത്തില്‍ പട്ടിക ശേഖരിച്ചുകഴിഞ്ഞു.

     പശുവളര്‍ത്തലും പാലുല്‍പ്പാദനവും ലാഭകരമാണെങ്കിലും ചാണകം നീക്കം ചെയ്യാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ക്ഷീരകര്‍ഷകരെ പ്രശ്‌നത്തിലാക്കുന്നത്.  പലരും പശുവളര്‍ത്തലില്‍ നിന്ന് പിന്മാറാനും ഇതു കാരണമാകുന്നുണ്ട്.  ഇതിനൊക്കെയുള്ള പരിഹാരമായാണ് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു. പാഴായിപ്പോകുന്ന ചാണകം ഇത്തരം രീതിയില്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്കിടയില്‍ ജൈവവള ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാകും.  കിലോയ്ക്ക് 20 രൂപ നിരക്കില്‍ വിവിധ ക്ഷീര സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കൃഷി ഭവന്റെ സ്വാശ്രയ വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴി വിറ്റഴിക്കാനാണ് തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു.
 
ചാണകം നിറയ്ക്കാനുള്ള പരിസ്ഥിതി സൗഹൃദ കിറ്റുകള്‍ പഞ്ചായത്ത് നല്‍കും. ഇതില്‍ ചാണകം നിറച്ച് ക്ഷീരകര്‍ഷകര്‍ക്ക് സ്വന്തമായി വിപണി കണ്ടെത്തുന്നതിനും തടസമില്ല. എന്നാല്‍ പഞ്ചായത്തിന്റെ ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രമേ ഇത് വിറ്റഴിക്കാനാവൂ. ഈ പദ്ധതിയുടെ വിജയസാധ്യത വിലയിരുത്തി  ക്ഷീര കര്‍ഷകര്‍ക്ക് അനുയോജ്യമായ സമാനമായ മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും  പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.   
(പി.ആര്‍.പി 1792/2018)

date