നാടിന്റെ വികസനത്തിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
അങ്കമാലി ബ്ലോക്കില്‍ പെരിയാറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശ്രീമൂലനഗരം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമഗ്ര മേഖലകളിലെയും വികസനം ലക്ഷ്യമിട്ട് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പ്രസിഡന്റ് കെ.സി മാര്‍ട്ടിന്‍ സംസാരിക്കുന്നു...
ആരോഗ്യമേഖല
ആരോഗ്യമേഖലയില്‍ 18 ലക്ഷം രൂപ ചെലവില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് ധനസഹായം നല്‍കി വരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തുന്ന രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആയിരം രൂപ ധനസഹായം നല്‍കുന്നു. ആഴ്ചയില്‍ മൂന്നുദിവസം കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി പരിപാലനവും മരുന്നും നല്‍കിവരുന്നു. വയോജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കുമുള്ള വാക്‌സിനേഷനും പാലിയേറ്റീവ് കെയര്‍ വഴി നടപ്പിലാക്കി.
അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം
പഞ്ചായത്തില്‍ ആകെ 24 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. രണ്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അഞ്ച് അങ്കണവാടികളുടെ നവീകരണത്തിനായി തുക വകയിരുത്തിയിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത നാല് അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി 24 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനം
ഹരിത കര്‍മ്മസേന വഴി പഞ്ചായത്ത് പരിധിയില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുവരുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് ശേഖരിച്ച് തരംതിരിക്കുന്ന മാലിന്യങ്ങള്‍ രണ്ട് മാസം കൂടുമ്പോള്‍ ക്ലീന്‍ കേരള അടക്കമുള്ള കമ്പനികള്‍ക്ക് കയറ്റി അയക്കുന്നു.
കുടിവെള്ളം
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഊര്‍ജിശ്രമം പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ട്. ജല ജീവന്‍ മിഷന്‍ വഴി 1,600 കുടുംബങ്ങള്‍ക്ക് പുതുതായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി.
ഖാദി നെയ്ത്തുകേന്ദ്രത്തിന് പുതിയ കെട്ടിടം
ജില്ലാ പഞ്ചായത്തിന്റെ കൈത്തറിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തിയാണ് ഖാദി നെയ്ത്തുകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കാലപ്പഴക്കമുള്ള ഖാദി നെയ്ത്തുകേന്ദ്രത്തിന്റെ ശോചനീയാവസ്ഥ മനസിലാക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍
ഭിന്നശേഷിക്കാര്‍ക്കായി പഞ്ചായത്തില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 23 കുട്ടികളാണ് ഇവിടെയുള്ളത്. ഒരു അധ്യാപികയെയും രണ്ട് ആയമാരെയും നിയമിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങള്‍
വിദ്യാഭ്യാസം ഓരോ കുഞ്ഞിന്റെയും അവകാശം എന്നതിലൂന്നി എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്. ഔദ്യോഗികമായി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി ആവശ്യമായ പിന്തുണ നല്‍കുന്നു. പഠന വിടവ് നികത്തുന്നതിനായി പഞ്ചായത്തില്‍ രണ്ട് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം, ആലുവ ബി.ആര്‍.സിയുടെ( ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സഹകരണത്തോടെയാണ് നടപ്പാക്കിയത്. വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നതിന് മുന്നോടിയായി ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെയുള്ളത്.
കാര്‍ഷികമേഖല
പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 200 വീതം കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു. ജാതി കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം ചെയ്യുന്നു. ഏഴ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏത്തവാഴ കര്‍ഷകര്‍ക്ക് ഒരു വാഴക്കണ്ണിന് പത്തര രൂപ വീതം ധനസഹായവും നല്‍കിവരുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. നിലം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നു. സൗജന്യമായി വിത്ത് വിതരണം ചെയ്യുന്നു.
നീര്‍ച്ചാലുകള്‍ക്ക് സംരക്ഷണം
ജലാശയങ്ങളും നീര്‍ച്ചാലുകളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നു. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രളയ ഫണ്ടില്‍ നിന്നുള്ള തുകയും ഇതിനായി ഉപയോഗിക്കുന്നു.
വരുംകാലങ്ങളില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം കാണാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. മാലിന്യങ്ങള്‍ പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നത് ഒഴിവാക്കി പഞ്ചായത്തിനെ ഒരു ഹരിത പഞ്ചായത്ത് ആക്കി മാറ്റും. നിലവിലുള്ള ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പെരിയാറില്‍ നിന്ന് ശ്രീമൂലനഗരം ജംഗ്ഷനിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കും. ഇതുവഴി കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് ശാശ്വത പരിഹാരം കണ്ടെത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
അഭിമുഖം: അമൃത രാജു
PRISM, I&PRD ERNAKULAM
- Log in to post comments