പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് : ആരോഗ്യമേഖലയ്ക്കും വനിതാ വികസനത്തിനും മുൻതൂക്കം
സ്ത്രീ ശാക്തീകരണത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി പനക്കൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിച്ചു. 18.27 കോടി രൂപ വരവും 18.22 കോടി രൂപ ചെലവും അഞ്ച് ലക്ഷം രൂപ മിച്ചവും വച്ചാണ് ബഡ്ജറ്റിലെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
കുമ്പളങ്ങി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങാൻ നാല് ലക്ഷം, കിഡ്നി രോഗികൾക്ക് മരുന്ന് നൽകുവാൻ 10 ലക്ഷം, മൂന്ന് പഞ്ചായത്തുകളിലും സ്പീച്ച് തെറാപ്പി മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. സെക്കൻഡറി പാലിയേറ്റീവ്, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, നഴ്സുമാർ എന്നിവരുടെ നിയമനം, കോൺഫറൻസ് ഹാൾ നിർമ്മാണം എന്നിവയ്ക്കായി 36 ലക്ഷം രൂപ കൂടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിനായി മാറ്റിവച്ചിട്ടുണ്ട്.
വനിതകൾക്ക് പുതിയ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനും, പരിശീലനം നൽകുന്നതിനുമായി 16 ലക്ഷവും, ക്ഷീരമേഖലയിൽ വനിതകളെ സഹായിക്കാൻ അഞ്ച് ലക്ഷവും വകയിരുത്തി.
വയോജനങ്ങൾക്ക് പകൽവീടിലൂടെ സഹായമെത്തിക്കാൻ ആറ് ലക്ഷവും, മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ നൽകാൻ മൂന്ന് ലക്ഷവും അനുവദിച്ചു. ഭിന്നശേഷിക്കാരായ വൃദ്ധജനങ്ങൾക്ക് ഇലക്ട്രിക് സ്കൂട്ടറും, ഇലക്ട്രിക് വീൽ ചെയറുകളും വാങ്ങിനൽകുന്നതിനായി 7.50 ലക്ഷം രൂപ മാറ്റിവച്ചു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകാൻ 12 ലക്ഷവും, ബഡ്സ് സ്കൂളുകൾക്ക് അഞ്ച് ലക്ഷവും, അംഗണവാടികളിലേക്ക് പോഷകാഹാരം നൽകുന്നതിന് മൂന്ന് ലക്ഷവും, മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ നൽകാൻ മൂന്ന് ലക്ഷവും വകയിരുത്തി.
യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിനും, ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും, കലാപരിശീലനം നൽകുന്നതിനുമായി 14 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾക്ക് മൂന്നരലക്ഷം രൂപ അനുവദിച്ചു. പട്ടികജാതി വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകാൻ 25 ലക്ഷവും പഠനമുറികൾ പണിയുന്നതിന് പതിമൂന്നര ലക്ഷവും മാറ്റിവച്ചു. ദാരിദ്ര്യ നിർമ്മാർജനത്തിനായി തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി 12 കോടി വകയിരുത്തി.
കാർഷിക മേഖലക്ക് 18 ലക്ഷവും, ക്ഷീരവികസന മേഖലക്ക് 15.50 ലക്ഷവും മാറ്റിവച്ചു. മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകുന്നതിനായി 20 ലക്ഷവും അനുവദിച്ചു. ഫിഷ്ലാൻഡിംഗ് സെന്ററുകൾ നിർമ്മിക്കാൻ 12 ലക്ഷവും, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാനും പൊതുകിണർ ശുചീകരണത്തിനുമായി 13 ലക്ഷവും മാറ്റിവച്ചു. കുമ്പളം പഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ എട്ട് ലക്ഷവും ചെല്ലാനം പഞ്ചായത്തിൽ പൊതുശ്മശാന നവീകരണത്തിന് 10 ലക്ഷവും മാറ്റിവച്ചു. പശ്ചാത്തല മേഖലകളിലെ മറ്റു പ്രവർത്തനങ്ങൾക്കായി 1.28 കോടി രൂപ വകയിരുത്തി.
- Log in to post comments