വികസനവും മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യമാക്കി വരാപ്പുഴ
പെരിയാറിനോട് ചേര്‍ന്നുകിടക്കുന്ന മത്സ്യ സമ്പത്തിനും പൊക്കാളി കൃഷിക്കും ഏറെ പ്രസിദ്ധമായ ഗ്രാമപഞ്ചായത്താണ് വരാപ്പുഴ. ഏറ്റെടുത്ത വെല്ലുവിളികളും ഭാവിയിലേക്കുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്...
കോവിഡ് പ്രതിരോധത്തില്‍ റോള്‍ മോഡല്‍
കേരളത്തില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് ആദ്യമായി വാക്സിനേഷന് ഔട്ട് റീച്ച് ക്യാമ്പയിന് പഞ്ചായത്ത്തലത്തില്‍ നടപ്പിലാക്കിയത് വരാപ്പുഴ പഞ്ചായത്താണ്. വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. പ്രായമായവരില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്സിന് കൊടുക്കാന്‍ സാധിച്ചത് നേട്ടമായി.
രണ്ടാം ഘട്ടത്തില്‍ ഡി.സി.സി ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരേയും നിയമിച്ചു. സ്കൂളുകളും ജനപ്രതിനിധികളും ഔട്ട് റീച്ചുമായി സഹകരിച്ചു. സമൂഹ അടുക്കള വഴി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്ക്കുള്പ്പെടെ ഭക്ഷണം നല്കി.
ഭിന്നശേഷിക്കാര്‍ക്ക്
ത്രിതല പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി. ഇലക്ട്രിക് വീല്‍ ചെയര്‍, ബെഡ് തുടങ്ങിയ ആവശ്യമായ ഉപകരണങ്ങളാണ് നല്‍കിയത്.
പൊക്കാളി കൃഷി
142 ഹെക്ടര്‍ പൊക്കാളി പാടമാണ് പഞ്ചായത്തിലുള്ളത്. അതില്‍ 82 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തു. കൃഷിക്ക് ആവശ്യമായ വിത്ത് സൗജന്യമായി നല്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കി. ഒരു നെല്ലും ഒരു മീനും പദ്ധതിയനുസരിച്ചാണ് കൃഷി നടക്കുന്നത്. ഇതനുസരിച്ച് നെല്‍കൃഷിക്ക് ശേഷം മത്സ്യകൃഷിയും പാടശേഖരങ്ങളില്‍ നടക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി പുറം ബണ്ട് നിര്‍മാണം, നെല്ല് ഉണക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ട്. നെല്ല് സംഭരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി വിതരണം ചെയ്യുന്നതിന് പദ്ധതി ആവിഷ്ക്കരിച്ച് അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.
പശ്ചാത്തല മേഖല
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട റോഡുകള്‍ ഉടനെ പൂര്‍ത്തിയാക്കും. ഭൂരിഭാഗം റോഡുകളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. കൃഷിഭവനും മൃഗാശുപത്രിയും വാടക കെട്ടിടത്തില്‍ നിന്ന് മാറി സ്വന്തം കെട്ടിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസ മേഖല
ഒരു ഗവണ്മെന്റ് യു.പി സ്കൂളും എട്ട് എയ്ഡഡ് സ്കൂളുകളും ഒരു അണ് എയ്ഡഡ് സ്കൂളുമാണ് പഞ്ചായത്തിനുള്ളത്. സ്കൂളുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്കി. കുട്ടികള്‍ക്ക് കായിക പരിശീലനം നല്കി വരുന്നു.
കുടുംബശ്രീ
മുന്നൂറിലധികം കുടുംബശ്രീ യൂണിറ്റുകളാണ് പഞ്ചായത്തിലുള്ളത്. 19 കോടിയുടെ ആര്.കെ.എല്‍.എസ്. (റീസര്‍ജന്റ് കേരള ലോണ്‍ സ്കീം) ലോണുകള്‍ അംഗങ്ങള്‍ക്ക് നല്കി. ജനകീയ ഹോട്ടലിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
ലൈഫ് പദ്ധതിയിലൂടെ
ആദ്യഘട്ടത്തില്‍ വീടില്ലാത്ത 28 പേരുടെ ലിസ്റ്റില്‍ നിന്ന് മൂന്ന് പേരൊഴികെ ബാക്കി എല്ലാവര്ക്കും വീട് നല്കി. പഞ്ചായത്തില്‍ സ്ഥലവില കൂടുതലായതിനാല്‍ മറ്റ് പഞ്ചായത്തുകളില്‍ ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തും.
തൊഴിലാളികള്‍ക്ക് നൂറില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്കി. എറണാകുളം ടൗണുമായി വളരെ അടുത്തുകിടക്കുന്ന പഞ്ചായത്താണ് വരാപ്പുഴ. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തിന്റെയും സഹകരണത്തോടെ കൂടുതല്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം ആസൂത്രണം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. വരാപ്പുഴ മാര്‍ക്കറ്റിലെ ജൈവ മാലിന്യങ്ങള്‍ അതാത് ദിവസം നീക്കംചെയ്യുന്നുണ്ട്. ഹരിത കര്‍മസേന പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. സഹകരിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കില്ല. മാലിന്യ നിര്‍മാര്‍ജനം സ്വന്തം ഉത്തരവാദിത്തമാണ് എന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകേണ്ടതാണ് എന്നും പ്രസിഡന്റ് പറഞ്ഞു.
- Log in to post comments