വായനപക്ഷാചരണം സമാപനം 7 ന്
ജൂണ്‍ 19 പി.എന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ 7 ഐ വി ദാസ് ജന്മദിനം വരെയുള്ള ദിവസങ്ങളില്‍ കേരള സര്‍ക്കാരിന്റേയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ജൂലൈ 7 ന് തൃശൂരില്‍ നടക്കും. ടൗണ്‍ ഹാളില്‍ വൈകീട്ട് 4 ന് വിദ്യാഭ്യസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കും. മികച്ച നിലയില്‍ വായനപക്ഷാചണപരിപാടികള്‍ സംഘടിപ്പിച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡണ്ട് മുരളി പെരുനെല്ലി വിതരണം ചെയ്യും. ജില്ല പഞ്ചയത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യതിഥിയാവും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ ഐ.വി. ദാസ് അനുസ്മരണം നടത്തും. സമാപനത്തോടനുബന്ധമായി സമഗ്ര ശിക്ഷാണ്‍ അഭിയാന്റെ ഭാഗമായുള്ള റൂറല്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലെ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 600 കുട്ടികളും അദ്ധ്യാപകരും ഗ്രന്ഥശാല പ്രവര്‍ത്തകരും പങ്കെടുക്കുന്ന കോര്‍പ്പറേഷന്‍ തല വായനമഹോത്സവ സര്‍ഗ്ഗശില്പശാലകള്‍ 7 ന് രാവിലെ മുതല്‍ 6 കേന്ദ്രങ്ങളിലായി നടക്കും. ഉച്ചയ്ക്ക് വിദ്യര്‍ത്ഥികള്‍ കേരള സാഹിത്യ അക്കാദമി ലൈബ്രറി സന്ദര്‍ശിക്കും. തുടര്‍ന്ന് 2 മണി മുതല്‍ തൃശൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ കുട്ടികളും എഴുത്തുകാരുമായി സര്‍ഗ്ഗസംവാദം നടക്കും. അശോകന്‍ ചരുവില്‍, ടി.ഡി. രാമകൃഷ്ണന്‍ ലളിത ലെനില്‍ പങ്കെടുക്കും. 2.30 മുതല്‍ ടൗണ്‍ഹാളില്‍ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറും.
- Log in to post comments