Skip to main content
തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന "അയ്യമ്പുഴക്കൊരു ജീവധാര " പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിക്കുന്നു.

തൊഴിലുറപ്പ് പദ്ധതി വഴി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കണം : ജില്ലാ കളക്ടർ

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പദ്ധതി വഴി അയ്യമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "അയ്യമ്പുഴക്കൊരു ജീവധാര " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലക്ഷാമം രൂക്ഷമായ മലയോര പഞ്ചായത്തായ അയ്യമ്പുഴ  ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് ഏറ്റെടുത്ത് നടത്തുന്നത്. പഞ്ചായത്തിലെ എല്ലാ കിണറുകളിലും കിണർ റീചാർജിങ്ങ് നടപ്പിലാക്കുന്നത് വഴി വരുംവർഷങ്ങളിൽ വേനൽക്കാലത്ത് കിണറുകൾ വറ്റുന്നത് കുറയ്ക്കാനും കിണറുകളെ ജലസമ്പന്നമാക്കാനും കഴിയും. ജനങ്ങൾക്ക് ആവശ്യമായ ഇത്തരം പദ്ധതികൾ മാതൃകയാണ്. ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശികമായ പദ്ധതികൾക്ക് നേതൃത്വം നൽകണമെന്നും കളക്ടർ പറഞ്ഞു.

"അയ്യമ്പുഴക്കൊരു ജീവധാര " എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കിണർ റീചാർജിങ് പ്രവർത്തനങ്ങൾ നടപ്പിലാക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തനത്തിലൂടെ പ്രദേശത്തെ അറുന്നൂറിലേറെ കിണറുകൾ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിടുന്നു.  കിണറിന് 10,000 രൂപ വീതം  ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുല്ലശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കാവുങ്ങ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൽസി പി ബിജു, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ കെ.ജി ബാബു എന്നിവർ പങ്കെടുത്തു.

date