Skip to main content
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. യു ജോമോൻ.

വികസനക്കുതിപ്പിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്

 

അങ്കമാലി ബ്ലോക്കിലെ മലയോര ഗ്രാമമാണ് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. കൃഷിയും അനുബന്ധ തൊഴിലുമാണ് ഇവിടുത്തെ ജനങ്ങളുടെ വരുമാന മാർഗം. കാലടി പ്ലാന്റേഷൻ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി യാഥാർത്ഥ്യമാകുന്നതോടെ വലിയ വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമാകും. വൈവിധ്യമാർന്ന ഭൂപ്രകൃതിയാലും സസ്യജന്തുജാലങ്ങളാലും അനുഗ്രഹീതമായ അയ്യമ്പുഴ പഞ്ചായത്തിന്റെ നേട്ടങ്ങളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ സംസാരിക്കുന്നു.

 കരുത്തോടെ ആരോഗ്യമേഖല

 ആരോഗ്യമേഖലയിൽ വികസന വിപ്ലവം സൃഷ്ടിക്കാൻ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ശോചനീയാവസ്ഥയിൽ ആയിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തി. ആശുപത്രി അനുവദിച്ച ജീവനക്കാരെ കൂടാതെ ഒരു ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയവരെ പഞ്ചായത്ത് നിയമിച്ചു. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ലബോറട്ടറി ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ഭവന സന്ദർശനം നടത്തി ആരോഗ്യപ്രശ്നമുള്ളവരെ കണ്ടെത്തി ലാബിൽ എത്തിക്കുന്നു. കാൻസർ പരിശോധനയ്ക്ക് പ്രാധാന്യം നൽകി വരുന്നു. ഇതിനായി പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും കാൻസർ പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് പ്രത്യേകം കൗൺസിലിംഗും മരുന്നും ലഭ്യമാക്കുന്നു. ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് സൗജന്യമായി മരുന്ന് വാങ്ങി നൽകുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

 പാലിയേറ്റീവ് കെയർ

പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ ആയുർവേദം, അലോപ്പതി, ഹോമിയോ എന്നീ മൂന്ന് ചികിത്സാ വിഭാഗങ്ങളുടെയും സേവനം കിടപ്പുരോഗികൾക്ക് ലഭ്യമാക്കുന്നു. നഴ്സുമാരെ കൂടാതെ ഡോക്ടറും വീടുകളിലെത്തി സേവനം നൽകിവരുന്നു.

 കാർഷിക ഉത്പാദന മേഖലയിൽ മുന്നേറ്റം

 എറണാകുളം ജില്ലയിലെ കാർഷിക മേഖലകളിലൊന്നാണ് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. കാർഷിക വിളകൾക്ക് പുറമെ ആട്, പശു വളർത്തൽ എന്നിവയും ക്ഷീരോല്പാദനവും പ്രധാന വരുമാനമാർഗമാണ്. വാഴ കൃഷിക്ക് രാസവളം, നെല്ലിന് സബ്സിഡി, തെങ്ങ് കൃഷി, ജാതി കൃഷി  ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. ക്ഷീരമേഖലയിൽ കന്നുകുട്ടി വിതരണം, കറവയന്ത്രം, പാൽ സബ്സിഡി തുടങ്ങിയ നിരവധി പദ്ധതികളും പഞ്ചായത്ത് നടപ്പിലാക്കുന്നു.

 മുഖംമിനുക്കി അങ്കണവാടികൾ

 പഞ്ചായത്ത് ശിശുസൗഹൃദമാക്കാൻ ഭരണസമിതി ലക്ഷ്യമിടുന്നു. തനത് ഫണ്ട് ഉപയോഗിച്ച് മൂന്ന് അങ്കണവാടികളുടെ നിർമ്മാണം പൂർത്തിയാക്കി. 53ആം നമ്പർ അംഗൻവാടി സംസ്ഥാന സർക്കാരിന്റെ ഛായം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു.

മാതൃകയായി തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്ന ജില്ലയിലെ പഞ്ചായത്തുകളിൽ ഒന്നാണ് അയ്യമ്പുഴ. ആസ്തി വികസനത്തിനായുള്ള  പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് തൊഴിലുറപ്പ് വഴി നടപ്പിലാക്കുന്ന മാതൃകാ പദ്ധതിയാണ് " അയ്യമ്പുഴക്കൊരു ജീവധാര " എന്ന പേരിലുള്ള കിണർ റീചാർജിംഗ് പദ്ധതി. പദ്ധതി വഴി പഞ്ചായത്തിലെ അറുന്നൂറോളം കിണറുകളിൽ റീചാർജിംഗ് നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ  കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.

അയ്യമ്പുഴ കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു

അയ്യമ്പുഴയുടെ ജലക്ഷാമം പരിഹരിക്കുന്നതിനായി കിഫ്‌ബി വഴി 45 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റേതുമായി നാല് കുടിവെള്ള പദ്ധതികൾ വഴിയും, ജലജീവൻ പദ്ധതിയിലൂടെയും കുടിവെള്ളം എത്തിക്കുന്നുണ്ട്.

പ്ലാന്റേഷൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലക്ഷ്യം

അയ്യമ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് കാലടി പ്ലാന്റേഷൻ. ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, ജീവിത നിലവാരം ഉയർത്തുന്നതിനുമായുള്ള പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കിവരുന്നു. വീടുകളിൽ സുരക്ഷിതമായ ശൗചാലയങ്ങളും, ശുചിമുറികളും നിർമിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. 1.75 കോടി രൂപ വകയിരുത്തി പ്ലാന്റേഷനിലെ  മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കി.

സ്വയംപ്രതിരോധ പരിശീലന പരിപാടി

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് കരാട്ടെ പരിശീലനം നൽകിവരുന്നു. 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് മുതൽ 20 വയസ് വരെയുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ തുടങ്ങിയ പരിശീലന പരിപാടി വൻ വിജയമാക്കിത്തീർക്കാൻ പഞ്ചായത്തിന് സാധിച്ചു. കൊച്ചുകുട്ടികളെയും മുതിർന്നവരെയും രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശീലനം.

ആധുനിക ശ്മശാനം

പഞ്ചായത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പൊതുശ്മശാനത്തിന്റെ അഭാവം. പരിഹാരമായി ഒരു കോടി രൂപ മുടക്കിയുള ആധുനിക സൗകര്യങ്ങളോടുകൂടിയ ശ്മശാനത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

സ്വന്തം എംസിഎഫ് ലക്ഷ്യം

 മാലിന്യ നിർമാർജനത്തിനായി പഞ്ചായത്തിൽ ഹരിത കർമ്മസേന രൂപീകരിച്ചിട്ടുണ്ട്. എന്നാൽ സ്വന്തമായി എം.സി.എഫ് ഇല്ല. എം.സി.എഫ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് 25 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള സിറ്റി പദ്ധതി പ്രദേശം പഞ്ചായത്തിലാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്ത് വൻ വികസന മുന്നേറ്റത്തിന് വഴിയൊരുക്കും. ലൈഫ് മിഷന്റെ ഭാഗമായുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.  എല്ലാ മേഖലകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ലഭ്യമാകുന്ന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ച് നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിടുകയാണ് പഞ്ചായത്ത് ഭരണസമിതി.

 

 

അഭിമുഖം: അമൃത രാജു

 

date