Skip to main content
മുല്ലശേരി കനാൽ നവീകരണം

ഓപ്പറേഷൻ ബ്രേക്ക് ത്രൂ: മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചി സ്മാർട്ട് മിഷന്റെ സഹകരണത്തോടെ മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ടി.ഡി റോഡ് വരെയുള്ള 820 മീറ്റർ കനാൽ നവീകരണമാണ് നടക്കുന്നത്.

ഇത്രയും ഭാഗത്തെ ബെഡ് ലെവൽ ഒരു മീറ്റർ ഉയർന്നിരിക്കുന്നതിനാൽ കനാലിലേക്കുള്ള ഒഴുക്കു തടസപ്പെട്ട നിലയിലായിരുന്നു. മുകൾ ഭാഗം മൂടിയ 820 മീറ്ററിലെ സ്ലാബ് പൊളിച്ചു നീക്കിയാണ് ബെഡ് ലെവൽ താഴ്ത്തുന്നത്. ആകെ 1400 മീറ്ററാണ് കനാലിന്റെ നീളം. നിലവിൽ കനാലിലെ വെള്ളം കായലിലേക്ക് പമ്പ് ചെയ്താണ് ഒഴുക്കിവിടുന്നത്.

തടസം നീക്കുന്നതിനായി ബെഡ് ലെവൽ ഒരു മീറ്റർ താഴ്ത്തി മൂന്നര മീറ്റർ വീതിയുള്ള കനാലിന്റെ വീതി നാലു മീറ്ററായി വർധിപ്പിക്കാനുമുള്ള നടപടികളുമാണ് പുരോഗമിക്കുന്നത്. ചിറ്റൂർ റോഡിനു സമീപം 10 മീറ്ററും കെ.എസ്.ആർ.ടി.സി റോഡിനു സമീപം 40 മീറ്ററും പൂർത്തിയായി.

സ്മാർട്ട് മിഷൻ ലിമിറ്റഡ് അനുവദിച്ച 10 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് കാരണം മുല്ലശ്ശേരി കനാലിലെ തടസങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

date