Skip to main content

നവീകരണത്തിനൊരുങ്ങി ചെല്ലാനം വിജയം കനാല്‍     

    ചെല്ലാനം മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പദ്ധതികളുടെ ഭാഗമായി വിജയം കനാല്‍ നവീകരിക്കാനൊരുങ്ങി ജലസേചന വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് കനാല്‍ നവീകരണം നടത്തുന്നത്.

    10.25 കി.മി നീളവും 12 മുതല്‍ 40 മീറ്റര്‍ വരെ വീതിയുമുള്ള വിജയം കനാല്‍ അറബിക്കടലിനും കുമ്പളങ്ങി കായലിനും ഇടയിലൂടെയാണ് ഒഴുകുന്നത്. ചെല്ലാനം പ്രദേശത്തെ മഴവെള്ളവും ഓരുവെള്ളവും പ്രധാനമായും ഒഴുകുന്നത് വിജയം കനാലിലൂടെയാണ്. എക്കല്‍ അടിഞ്ഞ് കനാലിന്റെ ആഴത്തില്‍ സാരമായ കുറവുണ്ടായതായി ജലസേചന വകുപ്പ് കണ്ടെത്തിയിരുന്നു. പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി തകര്‍ന്ന അവസ്ഥയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.

    നിലവില്‍ കനാലിന്റെ ആഴം കൂട്ടുന്നതിനും സംരക്ഷണ ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുമുള്ള എസ്റ്റിമേറ്റ് തുക ജലസേചന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കി കനാലിന്റെ നവീകരണം യഥാസമയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടില്‍ സാരമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

date