Skip to main content

ആര്‍ദ്രകേരളം പുരസ്‌കാരം:  മൂന്നാം സ്ഥാന നേട്ടവുമായി  എറണാകുളം ജില്ലാ പഞ്ചായത്ത്

 

    ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്‌കാരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്.

    അടിസ്ഥാന സൗകര്യ വികസനം, കോവിഡ് പ്രതിരോധം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഹീമോഫിലിയ രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍, എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്.

    ആലുവ ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്ന ജറിയാട്രിക് കേന്ദ്രത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കോവിഡ് ബാധിതര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി.

    ആലുവ ജില്ലാ ആശുപത്രിയില്‍ ഹീമോഫിലിയ രോഗികള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അക്വാട്ടിക് തെറാപ്പിക്കായി സ്വിമ്മിംഗ് പൂള്‍, നൂതന ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ എന്നീ സേവനങ്ങള്‍ സൗജന്യമായി ഒരുക്കാനും ജില്ലാ പഞ്ചായത്തിന് സാധിച്ചു.

date