സന്‍സദ് ആദര്‍ശ് ഗ്രാമയോജന: കല്‍പകഞ്ചേരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന രേഖ
കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആദര്‍ശഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കേണ്ടതും, സമയബന്ധിതമായി നടപ്പിലാക്കേണ്ടതും, അതത് വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്ന വികസന രേഖയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു മേധാവികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വികസന രേഖയ്ക്ക് അന്തിമരൂപം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെളള സൗകര്യം ഏര്‍പ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മാതൃ ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും. ഇതോടൊപ്പം ഐ.പി. സൗകര്യം ഏര്‍പ്പെടുത്തുകയും, പി.എച്ച്.സി സബ്സെന്ററുകള്‍ നവീകരിക്കുകയും ചെയ്യും. പഴയതും ജീര്‍ണ്ണാവസ്ഥയിലുളളതുമായ ആയുര്‍വേദ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കും. കല്ലിങ്ങല്‍ കോളനിയില്‍ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും. ഇരട്ടവീട് ഒറ്റവീടാക്കുതിനുളള പദ്ധതി നടപ്പാക്കും. കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം നിര്‍മിക്കും. അംഗന്‍വാടികള്‍ക്ക് മുകളില്‍ സ്ത്രീ ശാക്തീകരണ മുറികള്‍ സ്ഥാപിക്കും. തണ്ണീര്‍ച്ചാല്‍ കോളനിയിലെ 29 കുടുംബങ്ങള്‍ക്ക് ഭൂമി തരം തിരിച്ച് നല്‍കും. പൊതുശുചിമുറി, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ എന്നിവ നടപ്പാക്കും. പ്ലാസ്റ്റിക്ക് ശേഖരണ കേന്ദ്രം, പൊതു ശ്മശാനം എന്നിവ സ്ഥാപിക്കും. ഇതോടൊപ്പം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ ലഭ്യമാക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തടയണ നിര്‍മ്മാണം എന്നിവയും പദ്ധതിയിലുണ്ട്.
സന്‍സദ് ആദര്‍ശ് യോജനയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുതിന് വീടുകള്‍തോറുമുളള അടിസ്ഥാന വിവര ശേഖരണം നടത്തിയിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ജെ.എസ്സ്.എസ്സിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ പരിശീലനം, സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം , അതിരുമട - കാണാഞ്ചേരി റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments