മലപ്പുറം ആദ്യ നോക്കു കൂലി വിമുക്ത ജില്ല
സംസ്ഥാനത്തെ ആദ്യ നോക്കു കൂലി വിമുക്ത ജില്ലയായി മലപ്പുറം. അസംഘടിത മേഖലയില്‍ ഏകീകൃത കയറ്റിറക്ക് കൂലി നിലവില്‍ വന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഏപ്രില്‍ മുതല്‍ തന്നെ 15 പൊതുവ്യവസ്ഥകള്‍ അടങ്ങിയ വിവിധ മേഖലകളിലെ കയറ്റിറക്ക് കൂലി ഏകീകരിച്ചുള്ള കരാര്‍ നിലവില്‍ വന്നിരുന്നു. തൊഴിലുടമ, തൊളിലാളി സംഘടനാ നേതാക്കള്‍, തൊഴില്‍ വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.
മെയ് ഒന്നിനാണ് സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനു ശേഷം ജില്ലയില്‍ ഇതു സംബന്ധമായി ഒരു പരാതി മാത്രമാണുണ്ടായത്. നിലമ്പൂരില്‍ നിന്നു വന്ന പരാതിയില്‍ അടിയന്തിര ഇപെടലിലൂടെ പണം തിരിച്ചു നല്‍കിച്ച് തീര്‍പ്പാക്കിയെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നോക്കു കൂലി നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. തൊഴിലാളി സംഘടനാ നേതാക്കള്‍ ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയെ കലക്ടര്‍ അഭിനന്ദിച്ചു.
251 ഇനങ്ങളുടെ കയറ്റിറക്ക് കൂലി നിശ്ചയിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകിരിച്ചിട്ടുണ്ട്. ഇതു ലേബര്‍ ഓഫീസില്‍ നിന്നു സൗജന്യമായി ലഭ്യമാവും. ഇതിനു വിരുദ്ധമായി അമിതകൂലി ആവശ്യപ്പെടുന്ന പക്ഷം ലേബര്‍ ഓഫീസിലെ 04832734814 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇത്തരം തൊഴിലാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. റാംമോഹന്‍, വിവിധ സംഘടനാ പ്രതിനിധികളായ എം.ഹസ്സന്‍ (എ.ഐ.ടി.യു.സി), വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (എസ്.ടി.യു), കെ.രാമദാസ് (സി.ഐ.ടി.യു), കല്ലായി മുഹമ്മദലി (ഐ.എന്‍.ടിയു.സി) ടി.എം.പത്മകുമാര്‍, പി.എ. ബാവ (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവര്‍ പങ്കെടുത്തു.
- Log in to post comments