Skip to main content

കോഴിക്കോട് വയനാട് ജില്ലകളുടെ വാര്‍ഷിക പദ്ധതി പുരോഗതി മന്ത്രി കെ.ടി ജലീല്‍ അവലോകനം ചെയ്തു

 

കോഴിക്കോട്, വയനാട് ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അവലോകനം ചെയ്തു. കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 12 മാസം പദ്ധതി പ്രവര്‍ത്തനം നടത്താന്‍ സാഹചര്യം ലഭിക്കുന്നുവെന്നതാണ് ഈ  വര്‍ഷത്തെ പ്രത്യേകത. ഭവന രഹിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായുളള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പ്രധാന പരിഗണന നല്‍കണം. രാഷ്ട്രീയ ജാതി മത പരിഗണനകള്‍ കൂടാതെ അര്‍ഹമായ, സ്വന്തമായി സ്ഥലമുളള, മുഴുവന്‍ ഭവനരഹിതര്‍ക്ക് ഈ വര്‍ഷം വീട് നല്‍കണം. അനര്‍ഹരെ ഒഴിവാക്കണം. വീടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വാര്‍ഷിക പദ്ധതിയുടെ ആദ്യ ഗഡു എല്ലാ സ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ചെലവഴിക്കുന്നതില്‍ കൃത്യത വേണം.
നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പാര്‍ട്ട് ബില്‍ എഴുതണമെന്നും പദ്ധതി പൂര്‍ണമായും പൂര്‍ത്തീകരിച്ച് ബില്‍ സമര്‍പ്പിക്കുന്ന രീതിമാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ ആദരിക്കും. മോശം പ്രകടനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വിവരങ്ങളും അവതരിപ്പിക്കും.
ഇനി മുതല്‍ സ്പില്‍ ഓവര്‍ പ്രവര്‍ത്തികളുണ്ടാകാന്‍ പാടില്ല. ധനകാര്യമന്ത്രിയും ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാകാത്തവ ഓരോ വര്‍ഷവും പുതിയ പദ്ധതികളായി സമര്‍പ്പിക്കണം. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതി മാര്‍ഗരേഖയില്‍ ഭിന്നശേഷിയുളളവരുടെ കലോത്സവം, ഗെയിംസ് ഫെസ്റ്റിവല്‍, സംരംഭകത്വ ക്ലബുകള്‍ എന്നിവയ്ക്കായി തുക വകയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടില്ല. ഭേദഗതി പദ്ധതികളില്‍ ഈ ഇനങ്ങള്‍ക്ക് ആവശ്യമായ തുക നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സംയുക്ത പ്രൊജക്ടുകളുടെ ഗുണഭോക്തൃ പട്ടിക ഉടന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും പദ്ധതി ചെലവ് ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. 
കെ.എസ്.ഇ.ബി, കേരള ജല അതോറിറ്റി, ഭൂജല അതോറിറ്റി, തുടങ്ങിയവയ്ക്ക് നല്‍കിയിരിക്കുന്ന ഡെപോസിറ്റ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എ. ഷീല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date