തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകളും മറ്റും സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മെയ് 6ന് മുൻപായി പൂർത്തീകരിക്കണം.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പെസോ നിർദ്ദേശ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സർവൈലൻസ്, പൂരപ്പറമ്പിലെ അനൗൺസ്മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവ്വഹിക്കണം. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കേണ്ടതാണ്.
പൂരത്തോടനുബന്ധിച്ചുള്ള പവലിയനിൽ കോർപ്പറേഷൻ, ദേവസ്വങ്ങൾ തുടങ്ങിയവരുടെ പ്രതിനിധികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിലേക്കായി പവലിയന്റെ വലിപ്പം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. എക്സിബിഷൻ സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള ഫയർ ഹൈഡ്രാന്റ് ലൈൻ ( fire hydrant line ) 24 മണിക്കൂറും ചാർജ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറ്റി ആവശ്യമായ അറ്റകുറ്റപണികൾ നടത്താൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. സോഷ്യൽ ഫോറസ്ട്രി, കോർപ്പറേഷൻ, റവന്യൂ തുടങ്ങിയ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനാവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പി ബാലചന്ദ്രൻ എം എൽ എ, തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ ആർ ജ്യോതിലാൽ, തൃശൂർ ഡി ഐ ജി എ അക്ബർ, ജില്ലാ കലക്ടർ ഹരിത വി കുമാർ , തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ -ദേവസ്വം ബോർഡ് കമ്മീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments