Skip to main content

പന്തളം-ഓമല്ലൂര്‍-താഴൂര്‍കടവ് റോഡ് നിര്‍മാണോദ്ഘാടനം ഇന്ന് (ഏഴിന്)

 

ജില്ലയില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പന്തളം-ഓമല്ലൂര്‍- താഴൂര്‍കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏഴിന്) രാവിലെ 11.30ന് ഉളനാട് ജംഗ്ഷനില്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ    അശോകന്‍ കുളനട, കലാ അജിത്ത്, ഗീതാവിജയന്‍, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എന്‍.ജീവരാജ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍ കുമാര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പന്തളം-ഓമല്ലൂര്‍-താഴൂര്‍കടവ് റോഡിന്റെ കുളനട മുതല്‍ താഴൂര്‍കടവ് വരെയുള്ള 14.884 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗമാണ് നവീകരിക്കുന്നത്. ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഈ റോഡിന്റെ നവീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കുളനട മുതല്‍ ഓമല്ലൂര്‍ വരെയുള്ള 10.970 കിലോമീറ്റര്‍ ദൂരം ഏഴ് മീറ്റര്‍ വീതിയിലും 758 മീറ്റര്‍ നീളമുള്ള ഓമല്ലൂര്‍ മാര്‍ക്കറ്റ് റോഡ് 5.50 മീറ്റര്‍ വീതിയിലും 3.156 കിലോമീറ്റര്‍ ദൂരമുള്ള ഓമല്ലൂര്‍- താഴൂര്‍കടവ് റോഡ് 5.50 മീറ്റര്‍ വീതിയിലും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് നവീകരിക്കുന്നത്. ഇന്റര്‍ലോക്ക് ടൈല്‍ പാകുക, നിലവിലുള്ള കലുങ്കിന്റെ വീതി കൂട്ടുക, പുതിയ കലുങ്ക് നിര്‍മിക്കുക, ഓട നിര്‍മാണം തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന തോടെ പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള യാത്ര സുഗമമാകും. കിഴക്കന്‍ മലയോരമേഖലയിലുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്തെത്താതെ ചെന്നങ്ങൂരില്‍ എത്തുന്നതിനുവേണ്ടിയാണ് മുള്ളനിക്കാട് വഴിയുള്ള ഓമല്ലൂര്‍-വാഴമുട്ടം റോഡും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുളനട, ഉളനാട്, അമ്പലക്കടവ്, മാത്തൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ എത്താനുള്ള എളുപ്പമാര്‍ഗമായി ആര്യഭാരതി ഹൈസ്‌കൂളിന് മുന്നിലൂടെയുള്ള റോഡും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കി ല്‍പ്പെടാതെ ശബരിമല തീര്‍ഥാടകര്‍ക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലും             ചെങ്ങന്നൂരിലും എത്താന്‍ ഈ റോഡ് സഹായകമാകും. കുളനട, ഉളനാട്, അമ്പലക്കടവ്, മാത്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍, വാഴമുട്ടം എന്നീ പ്രധാന ജംഗ്ഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം, ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐ എന്നിവ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്ര റോഡിന്റെ നിര്‍മാണത്തോടു കൂടി സുഗമമാകും. ഒരു വര്‍ഷക്കാലയളവിനുള്ളില്‍ റോഡിന്റെ നിര്‍മാണം പൂ ര്‍ത്തീകരിക്കുമെന്ന വ്യവസ്ഥയില്‍ 11.85 കോടി രൂപയ്ക്ക് കരിങ്കുറ്റി കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.                                          (പിഎന്‍പി 1802/18)

date