Skip to main content

ഹലോ..!ഇംഗ്ലീഷ് ഇംഗ്ലീഷ് പഠനമെളുപ്പമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

 

ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷുമായി വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എസ്.എയുടെ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പര്‍പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികള്‍ക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.  

ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവര്‍ത്തിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നല്‍കുന്നത്. സംഭാഷണങ്ങള്‍, നാടകവാതരണം, കഥകള്‍ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെയാണ് പഠനം എളുപ്പമാകുക്കുന്നത്. പദ്ധതി കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മധ്യവേനല്‍ അവധിക്കാലത്ത് ജില്ലയിലെ പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകര്‍ക്കും എട്ട് ദിവസത്തെ തീവ്ര പരിശീലനം നല്‍കിയിരുന്നു. പരിശീലനം ലഭിച്ച അധ്യാപകര്‍ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

 ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരമുണ്ടാകും. ഇംഗ്ലീഷ് പഠനത്തില്‍ കുട്ടികളുടെ പുരോഗതി അധ്യാപകരുടെ ഗ്രൂപ്പായ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുകയും, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ജില്ലാതലത്തില്‍ പദ്ധതി വിശകലനം ചെയ്യാനായി ഒരു മോണിറ്ററിംഗ് ടീമും പ്രവര്‍ത്തിക്കും. എ.ഇ.ഒ, ബി.പി.ഒ , ഡയറ്റ് ഫാക്കല്‍റ്റി എന്നിവരടങ്ങുന്ന ടീം    സ്‌കൂളുകളില്‍ എത്തി കുട്ടികളുടെ പഠനപുരോഗതിയും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. സംസ്ഥാനതലത്തില്‍ എസ്.എസ്.എയിലുള്‍പ്പെടുന്ന രണ്ട് പേരടങ്ങുന്ന ടീം സ്‌കൂളുകളിലെത്തി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. 

പൊതുവിദ്യാലയങ്ങളിലെ മികച്ച അധ്യാപനം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങളാണ് ഇത്തരമൊരു മാറ്റത്തിന് പിന്നിലെന്ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ പറഞ്ഞു.        (പിഎന്‍പി 1810/18)

date