ഡോ.പ്രഭാകരന്‍ പഴശ്ശി സാസ്‌കാരിക ഉന്നതസമിതി സെക്രട്ടറി
കേരള സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനവും സമന്വയവും സാദ്ധ്യമാക്കാനും നയരൂപീകരണത്തില്‍ ഉപദേശിക്കാനുമായി രൂപീകരിച്ച സാംസ്‌കാരിക ഉന്നതസമിതി (അപ്പെക്‌സ് കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍) സെക്രട്ടറിയായി ഡോ.പ്രഭാകരന്‍ പഴശ്ശിയെ നിയമിച്ച് ഉത്തരവായി. നിലവില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാണദ്ദേഹം. സാംസ്‌കാരിക വകുപ്പു മന്ത്രി അദ്ധ്യക്ഷനായും സാംസ്‌കാരിക വകുപ്പു സെക്രട്ടറി ഉപാദ്ധ്യക്ഷനായും കലാസാംസ്‌കാരികരംഗത്തു നിന്ന് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖവ്യക്തി സെക്രട്ടറിയായും ധനകാര്യ വകുപ്പു സെക്രട്ടറി, സാംസ്‌കാരിക വകുപ്പു ഡയറക്റ്റര്‍, അക്കാദമി സെക്രട്ടറിമാര്‍, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ടു സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളായും രൂപീകരിക്കപ്പെട്ട സമിതിയുടെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും.
സാംസ്‌കാരികവകുപ്പിനു കീഴിലുള്ള പദ്ധതിവിഹിതം ലഭിക്കുന്നതും ആവര്‍ത്തന/ അനാവര്‍ത്തന ഗ്രാന്റുകള്‍ ലഭിക്കുന്നതുമായ അക്കാദമികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഇവയ്ക്കു വേണ്ട പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കുക എന്നതാണ്, കൗണ്‍സിലിന്റെ മുഖ്യദൗത്യം. ഈ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വ്വഹണം സംബന്ധിച്ച അവലോകനവും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റിന് ശുപാര്‍ശ നല്കലും സമിതിയുടെ കര്‍ത്തവ്യങ്ങളാണ്. ധനസഹായം സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചാണോ നല്കുന്നത് എന്നും പരിശോധിക്കണം. കലാ സാംസ്‌കാരികരംഗത്ത് നവീനസാംസ്‌കാരികസംരംഭങ്ങള്‍ക്ക് ആശയാവിഷ്‌കാരം നടത്തുക, ക്ലാസിക്, സമകാലീന, നാടോടി, ഗോത്ര കലാരൂപങ്ങളുടെ പരിപോഷണത്തിനുള്ള ധനസഹായം ശുപാര്‍ശ ചെയ്യുക തുടങ്ങിയവയാണ് മറ്റു പ്രധാന ചുമതലകള്‍. സാംസ്‌കാരികവകുപ്പു ഡയറക്റ്ററുടെ ഓഫീസായിരിക്കും സമിതിയുടെ സെക്രട്ടേറിയറ്റ്.
കൊല്ലം, കണ്ണൂര്‍ എസ് എന്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന ഡോ. പ്രഭാകരന്‍ പഴശ്ശി. സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പിന്റെ എഡിറ്റര്‍, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യു ജി സിയുടെ എമെറിറ്റസ് പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുചേലന്റെ കുട്ടികള്‍, ഉദകമണ്ഡലം, തിരുനാവായ, പരിചിതമായ ഒരു ഗന്ധം എന്നീ കഥാസമാഹാരങ്ങള്‍, വസൂരിമാല എന്ന നോവല്‍, മാജിക് മാമന്‍, ചിരിക്കുന്ന പൂച്ച, മൃഗഡോക്ടര്‍, ദേ... പിന്നേം മൃഗഡോക്ടര്‍, എ കെ ജിയുടെ കഥ എന്നീ ബാലസാഹിത്യകൃതികള്‍, പഴശ്ശിയുടെ ബാലസാഹിത്യകൃതികള്‍ എന്ന സമാഹാരം, ഗവേഷണഗ്രന്ഥങ്ങളായ ചെറുകാടിന്റെ ലോകം, ചെറുകാടിന്റെ സാഹിത്യലോകം, സഞ്ജയന്‍: കാലത്തിന്റെ മനഃസാക്ഷി, മലയാളബാലസാഹിത്യചരിത്രത്തിനൊരാമുഖം, പഴശ്ശിരാജാ, ന്യൂജനറേഷന്‍ മലയാളസിനിമ, കുട്ടികളുടെ മനസ്സും ബാലസാഹിത്യവും എന്നിവയാണ് പ്രധാന രചനകള്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകൃതഗൈഡാണ്. റേഡിയോ പ്രഭാഷകന്‍, ടെലിവിഷന്‍ അവതാരകന്‍, ടെലിഫിലിം സംവിധായകന്‍, തിരക്കഥാകൃത്ത്, സാംസ്‌കാരികപ്രഭാഷകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരകേരളം, കേളി, അക്ഷരകൈരളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. സംഗീത നാടക അക്കാദമിയുടെ ഇന്റര്‍നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍, സാക്ഷരതാ മിഷന്റെ അതുല്യം സമ്പൂര്‍ണ്ണ നാലാം തരം തുല്യതാ പരിപാടി എന്നിവയുടെ മുഖ്യസംഘാടകനായിരുന്നു. ചെറുകാട് അവാര്‍ഡ്, പി.ടി.ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.ടി.അവാര്‍ഡ് മുതലായവ ലഭിച്ചിട്ടുണ്ട്.പത്‌നി: ഡോ.സുജയ വി.എന്‍. മക്കള്‍: അതുല്‍, ഡോ.അമല്‍
പി.എന്‍.എക്‌സ്.2817/18
- Log in to post comments