ഹജ്ജ് മൂന്നാം ഘട്ട സാങ്കേതിക ക്ലാസ് ഇന്ന് മുതല്‍
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന കാസര്‍കോട് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ ഇന്ന് (ജൂലൈ 7) ആരംഭിക്കും. രാവിലെ ഒന്‍പതിന് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസാ ഹാളിലും 11 ന് രാവിലെ ഒന്‍പതിന് ചെര്‍ക്കള ഖുവത്തുല്‍ ഇസ്ലാം മദ്രസയിലും 14 ന് രാവിലെ ഒന്‍പതിന് ഉപ്പള നയാബസാര്‍ എ.ജെ.ഐ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും 17 ന് രാവിലെ ഒന്‍പതിന് തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഫായിക്ക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് ക്ലാസുകള്‍ നടക്കുക. ക്ലാസുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മറ്റി മെമ്പര്‍ സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍മാരായ പി.എ.നിഷാദ്, മുജീബ് റഹ്മാന്‍, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്ലാസുകളില്‍ ലഗേജ് സ്റ്റിക്കര്‍, മഫ്ത സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. ഹജ്ജ് യാത്ര ഉറപ്പായവരും വെയ്റ്റിങ് ലിസ്റ്റ് 4000 വരെയുള്ളവരില്‍ നിന്ന് യാത്രയ്ക്ക് തയ്യാറായി ഹജ്ജ് കമ്മറ്റിക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവരും അതാത് മേഖലകളിലെ ക്ലാസുകളില്‍ പങ്കെടുക്കണം. കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസുകളില്‍ ഹാജരാകണം. അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കും.
- Log in to post comments