Skip to main content

പറോപ്പടിയില്‍ നാല്പതേക്കറില്‍ ജലാശയം പ്രകൃതി സൗഹൃദ വിനോദസഞ്ചാരത്തിന് പുതിയ മുഖം 

നാല്പതേക്കറില്‍ ഒരു മനുഷ്യനിര്‍മ്മിത ജലാശയം രണ്ട് കിലോമീറ്ററോളം വിസ്തൃതിയുളള വൃഷ്ടിപ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന നീരുറവകളെ പാഴാകാതെ സംരക്ഷിക്കുന്ന തടാകം. അറുപതേക്കറില്‍ ജലാശയത്തിനു ചുറ്റും വനവല്‍ക്കരണം പരിസ്ഥിതിക്ക് തെല്ലും പോറലേല്പിക്കാതെ കോഴിക്കോട് നഗരത്തിന് സമീപം ഒരു വിനോദ സഞ്ചാര കേന്ദ്രം. നിരവധി മാതൃകാപദ്ധതികള്‍ നടപ്പാക്കിയിട്ടുളള കോഴിക്കോട് നോര്‍ത്തിലെ പറോപ്പടിയിലാണ് ഈ വിനോദ സഞ്ചാരകേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എ.പ്രദീപ്കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്. 2016-17 ബജറ്റില്‍ ഇതിനായി കിഫ്ബിയില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നതായി എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. 
വിനോദ സഞ്ചാരവകുപ്പിനാണ് അഡ്മിനിസ്‌ട്രേഷന്‍ ചുമതല. ടൂറിസം വകുപ്പിനു  കീഴിലുളള  കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുളളത്. പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് നവകേരളം സാധ്യമാക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ഈ പദ്ധതി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരി തഹസില്‍ദാര്‍ സൂബ്രഹ്മണ്യന്‍, സി.ഡബ്യൂ.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ.എ.ബി അനിത, ശാസ്ത്രജ്ഞരായ ഡോ.പി.ആര്‍ അരുണ്‍, വി.പി സുശാന്ത്, ടി.കെ ദൃശ്യ, ടെക്‌നിക്കല്‍ ഓഫീസര്‍ ചന്ദ്രന്‍ കൊളപ്പാടന്‍ എന്നിവര്‍ പറോപ്പടിയിലെ ജലാശയം സന്ദര്‍ശിച്ച് സാധ്യത പരിശോധന നടത്തി. പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഈ മാസം ഒടുവില്‍ സി.ഡബ്യൂ.ആര്‍.ഡി.എം ന് സമര്‍പ്പിക്കും. വേനലിലും മഴക്കാലത്തും ശാസ്ത്രജ്ഞര്‍ ഇവിടെ സാധ്യത പഠനം നടത്തിയിരുന്നു. 
വേനല്‍കാലത്തും ജലനിര്‍ഗമനമുളള തണ്ണീര്‍ത്തടമാണ്. രണ്ട് കിലോമിറ്ററോളം വൃഷ്ടി പ്രദേശമുണ്ട്. കാലവര്‍ഷത്തില്‍ പൂനൂര്‍ പുഴയില്‍ നിന്നുളള വെളളപ്പൊക്കമുണ്ടായാല്‍ ജലാശയം കരകവിയാനുളള സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നിലവിലുളള തണ്ണീര്‍ത്തടത്തിലെ മണ്ണ് നീക്കം ചെയ്യാതെ ജലാശയം വിപുലപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ജലവിഭവ വികസന മാനേജ്‌മെന്റ് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള വിനോദ സഞ്ചാര വികസനമാണ് ലക്ഷ്യം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജലാശയം നിര്‍മ്മിച്ച് സംരക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്. ഭൂമി ഏറ്റെടുക്കുന്നതിനു പകരം പദ്ധതിക്ക് ഭൂമി നല്‍കുന്ന ഭൂവടമകള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജലാശയത്തോട് ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇടം ഒരുക്കും. 

 

date