Skip to main content

ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തി സിവില്‍ സപ്ലൈസ് വകുപ്പ്

 

    കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. ആദിവാസി ഊരുകളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. 

     കോതമംഗലം താലൂക്കിലെ വാരിയം, തേര, ഉറിയംപെട്ടി ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയും നടപ്പിലാക്കി. കോതമംഗലം താലൂക്കിലെ എളംബ്ലാശേരി കോളനിയിലും കുന്നത്തുനാട് താലൂക്കിലെ പൊങ്ങിന്‍ ചുവട് ആദിവാസി കോളനിയിലും പദ്ധതി ഉടനെ ആരംഭിക്കും.
ഗോത്രവര്‍ഗ മേഖലയില്‍ ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയത്തോടെ ഭാസുര എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. അര്‍ഹതപ്പെട്ട ഭക്ഷണം ഗോത്ര വര്‍ഗക്കാര്‍ക്കു കൃത്യമായ അളവിലും തൂക്കത്തിലും ഗുണമേന്മയിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. കോതമംഗലം താലൂക്കില്‍ 296 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഭക്ഷ്യധാന്യങ്ങളും സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയിലൂടെ ലഭ്യമാക്കി. 

    ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും റേഷന്‍ കാര്‍ഡ് അനുവദിച്ചു. റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ഭക്ഷ്യ കിറ്റുകള്‍ ലഭ്യമാക്കി. അഗതി മന്ദിരങ്ങള്‍ക്ക് 6914 കിറ്റുകളും  കന്യാസ്ത്രീ മഠങ്ങള്‍ക്ക് 4696 കിറ്റുകളും വിതരണം ചെയ്തു. ജില്ലാ പരാതിപരിഹാര ഓഫീസറുടെ കീഴില്‍ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ കാര്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ല. 

     സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതിലൂടെ എ.ടി.എം കാര്‍ഡ് രൂപത്തില്‍ ലഭ്യമാക്കാനായി. ജില്ലയിലെ പൊതുവിതരണ രംഗത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറും എല്ലാ താലൂക്ക് സപ്ലൈ സിറ്റി റേഷനിങ്ങ് ഓഫീസര്‍മാരും റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരും റേഷന്‍ സംവിധാനം പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

    ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല വിജിലന്‍സ് കമ്മിറ്റിയും താലൂക്ക് ഡിവിഷണല്‍ ഓഫീസര്‍ ചെയര്‍മാനായി താലൂക്ക് വിജിലന്‍സ് കമ്മിറ്റികളും ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്.

date