അയല്‍ക്കൂട്ട വര്‍ഷത്തിന്റെ ഭാഗമായി കുടുംബശ്രീ പുതിയ പദ്ധതികള്‍ നടപ്പാക്കും
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 2018 കുടുംബശ്രീ അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ അടിസ്ഥാന ശിലയായ അയല്‍ക്കൂട്ടങ്ങള്‍ ശക്തിപ്പെടുത്തി സംഘടന സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജവും കെട്ടുറപ്പും നല്‍കുകയാണ് ലക്ഷ്യം. കുടുംബശ്രീക്ക് പുറത്തുള്ള കുടുംബങ്ങളെ അയല്‍ക്കൂട്ട സംവിധാനത്തിലേക്ക് കൊണ്ട് വരിക, നിര്‍ജ്ജീവമായ അയല്‍ക്കൂട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കുക, സ്‌പെഷല്‍ അയല്‍ക്കൂട്ടങ്ങള്‍ കൂടുതലായി രൂപീകരിക്കുക, പുതിയ ഭാരവാഹികള്‍ക്ക് പരിശീലനം നല്‍കുക, കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം സംഘടിപ്പിക്കുക എന്നിവയാണ് അയല്‍ക്കൂട്ട വര്‍ഷത്തിന്റെ ഭാഗമായി സംഘടന സംവിധാനത്തില്‍ നടപ്പാക്കുക. ഇതോടൊപ്പം വരുമാന സാധ്യതയുള്ള സംരംഭങ്ങള്‍ തുടങ്ങുക, യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുള്ള ഡി.ഡി.യു.ജി.കെ.വൈ പോലുള്ള പദ്ധതികള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക, തരിശ് ഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹനത്തിനുമുള്ള പദ്ധതികള്‍ നടപ്പാക്കുക, കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ യൂനിറ്റുകള്‍ ആരംഭിക്കുക, പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കുക, പട്ടിക വര്‍ഗ്ഗമേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയും ഏറ്റെടുക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത പറഞ്ഞു.
ജില്ലയില്‍ 26 സി.ഡി.എസ്സുകളിലെ 513 എ.ഡി.എസ്സുകളിലായി 9650 അയല്‍ക്കൂട്ടങ്ങളാണുള്ളത്. 1,27,000 കുടുംബങ്ങള്‍ അംഗങ്ങളാണ്. ഒരു സി.ഡി.എസ്സില്‍ ഒരു മാസം 10 അയല്‍ക്കൂട്ടങ്ങള്‍ പുതുതായി രൂപീകരിക്കും. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരുടെ രണ്ട് സ്‌പെഷല്‍ അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും. നിര്‍ജ്ജീവമായ 5 അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും മാച്ചിംഗ് ഗ്രാന്റ് നല്‍കുക, ബാങ്ക് ലിങ്കേജ് പൂര്‍ത്തീകരണം ഉറപ്പ് വരുത്തുക തുടങ്ങിയവയും അയല്‍ക്കൂട്ട വര്‍ഷത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കും. എല്‍.ഐ.സിയുമായി ചേര്‍ന്ന് മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഈ വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഈ വര്‍ഷം സമഗ്രമായ പരിശീലനം നല്‍കും.
സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഈ വര്‍ഷം സമഗ്ര പരിശീലനം നല്‍കും. ചെറുകിട സംരംഭങ്ങളെ കൂട്ടിയിണക്കി കണ്‍സോര്‍ഷ്യം രൂപീകരിച്ച് കൂടുതല്‍ ഉത്പാദനം നടത്തി വരുമാനം വര്‍ദ്ധിപ്പിക്കും. ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സൗകര്യം, പാക്കിംഗ്, ബ്രാന്റിംഗ് തുടങ്ങിയവ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. അഗതി ആശ്രയ പദ്ധതിയുടെ മുഴുവന്‍ പ്രൊജക്ടുകളുടെയും പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. ബാലസഭ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള നൂതനമായ പരിപാടികളും ഏറ്റെടുക്കും. പരമ്പരാഗത ആദിവാസി കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നങ്ക ആട്ട കലോത്സവം ഈ മാസം സംഘടിപ്പിക്കും.
- Log in to post comments