Skip to main content
അതിഥി തൊഴിലാളികൾക്കായുള്ള  ഹോസ്റ്റൽ അപ്നാഘറിൻ്റെ ശിലാസ്ഥാപനം  മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു  മന്ത്രി പി.രാജീവ് കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ സമീപം.

അതിഥി തൊഴിലാളികള്‍ക്കുള്ള 'അപ്നാ ഘര്‍' ഹോസ്റ്റലിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു കളമശേരിയില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലില്‍ 1000 പേര്‍ക്ക്  താമസിക്കാം: മന്ത്രി വി.ശിവന്‍കുട്ടി

     അതിഥി തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി പ്രകാരം കളമശേരിയില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ സമുച്ചയത്തില്‍ ആയിരം തൊഴിലാളികള്‍ക്കു താമസിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.  തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബിഎഫ്കെ)യുടെ നേതൃത്വത്തില്‍ കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    വളരെ തുച്ഛമായ വാടക വാങ്ങിയാണ് തൊഴിലാളികള്‍ക്കു താമസ സൗകര്യം നല്‍കുന്നത്. ഇങ്ങനെ അതിഥി തൊഴിലാളികള്‍ക്കു തദ്ദേശീയരായ തൊഴിലാളികള്‍ക്കു ലഭിക്കുന്ന എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ലഭ്യമാകണമെന്ന നയമാണു സര്‍ക്കാരിന്റേത്. ഈ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്കു താമസത്തിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

     തൊഴിലാളികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഒരുക്കുന്നതിനാണ് അപ്നാഘര്‍ പ്രോജക്ട് കൊണ്ടു വന്നിട്ടുള്ളത്. ഇത്തരം ഹോസ്റ്റലുകളില്‍ കിടപ്പുമുറികളും ഒന്നിലധികം അടുക്കളകളും റിക്രിയേഷന്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോട് ഇത്തരത്തിലുള്ള ഒരു പ്രോജക്ട് ഭവനം ഫൗണ്ടേഷന്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. 620 തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഹോസ്റ്റലുകളുടെ രൂപത്തില്‍ സുരക്ഷിതവും ശുചിത്വവമുള്ളതുമായ താമസ സൗകര്യം വാടകയ്ക്ക് കൊടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കൂടാതെ കോഴിക്കോട് കിനാലൂരില്‍ 520 തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി നിര്‍മ്മിച്ചു വരുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

     കേരളത്തിലെ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും കൂലി വ്യവസ്ഥയുമാണ് അതിഥി തൊഴിലാളികള്‍ ഇവിടേക്ക് തൊഴില്‍ തേടിയെത്തുന്നതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ എത്തുന്ന അതിഥി തൊഴിലാളികളില്‍ 88 ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. ഇവര്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തി. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ളവയും ഉറപ്പാക്കി. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തില്‍പരം തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് നമ്മുക്ക് കഴിഞ്ഞു. ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എം.പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി എന്ന ഒരു പദ്ധതിയും അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഇവിടെ മരണമടയുന്ന തൊഴിലാളിയുടെ നോമിനിക്ക് 25,000 രൂപയും തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അപകട മരണത്തിന് 2 ലക്ഷം രൂപയും പദ്ധതിയിലൂടെ നല്‍കുന്നു. കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാനുകൂല്യവും തുടങ്ങിയവയും പദ്ധതിയിലൂടെ ലഭിക്കുന്നു. എല്ലാ തൊഴിലാളികളും ഈ പദ്ധതിയില്‍ അംഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിവോള്‍വിംഗ് ഫണ്ട് ആയി പരമാവധി 50,000 രൂപ കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായുള്ള അതിഥി ആപ്പിന്റെ പ്രവര്‍ത്തനം ഉടന്‍  തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. 

    
    മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെ കേരളം മാത്രമാണ് അതിഥിഎന്ന പരിഗണനയോടെ സ്വീകരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അതിഥി തൊഴിലാളികളെ ചൂഷണങ്ങള്‍ ഇല്ലാതെ തുല്യപരിഗണന നല്‍കി സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. അവരുടെ സംരക്ഷണത്തിനും മറ്റും സജീവമായി ഇടപെടുകയും വേണ്ട പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന മന്ത്രി വി.ശിവന്‍കുട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു.  'അപ്നാ ഘര്‍' പദ്ധതി കളമശേരിയില്‍ കൊണ്ടുവന്നതിനാല്‍ മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയിലും മന്ത്രിയോട് നന്ദി അറിയിക്കുന്നതായി മന്ത്രി രാജീവ് പറഞ്ഞു. 

    കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കളമശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണന്‍, വൈസ് ചെയര്‍പേഴ്സണ്‍ സെല്‍മ അബൂബക്കര്‍, ബിഎഫ്കെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര,  ബിഎഫ്കെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍.മുരളീധരന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആര്‍.മുരളീധരന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി, ബി.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ധനീഷ് നീറിക്കോട്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എം.കരീം തുടങ്ങിയര്‍ സംസാരിച്ചു.

date