Skip to main content
ലോക മലമ്പനി ദിനാചരണം  . ജില്ലാതല ഉദ്ഘാടനം

ലോക മലമ്പനി ദിനാചരണം  . ജില്ലാതല ഉദ്ഘാടനം

 

മലമ്പനി മൂലമുള്ള രോഗാതുരതയും, മരണവും കുറയ്ക്കുന്നതിനായി നൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വർഷത്തെ സന്ദേശം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യകം കർമപദ്ധതി തയ്യാറാക്കി  ഊർജിതമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. . തദ്ദേശീയ മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന് പുറത്തു ഇതര സംസ്ഥാനങ്ങളിൽ താമസിച്ച് തിരിച്ചു വരുന്നവരിൽ നിന്നും ഇതര സംസ്‌ഥാന തൊഴിലാളികളിൽ നിന്നും ഉണ്ടാകുന്ന മലമ്പനി രോഗബാധ തടയുവാനും ഇത് ലക്ഷ്യമിടുന്നു. മലമ്പനി എന്ന കൊതുകുജന്യ പകർച്ചവ്യാധിയെ കുറിച്ചും അത് പകരുന്നത് തടയാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്‌ഷ്യം. " 
ലോക മലമ്പനി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടുകൂടി മണീട്  കുടുംബാരോഗ്യ കേന്ദ്രത്തിൽവച്ച് സമുചിതമായി ആചരിച്ചു. വർണശബളമായ ആരോഗ്യ സന്ദേശ റാലി, വെൽ കെയർ  നഴ്സിംഗ് സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ആരോഗ്യ ബോധവത്കരണ തെരുവ് നാടകം,  എക്സിബിഷൻ എന്നിവ ശ്രദ്ധേയമായി.

 ജില്ലാതല ഉദ്ഘാടനം മണീട്  കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്   പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ.ജോസഫ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പിറവം നിയോജക മണ്ഡലംഎം എൽ എ ശ്രീ.അനൂപ് ജേക്കബ് ഉദ്‌ഘാടനകർമ്മം  നിർവഹിച്ചു.  മലേറിയ പോലെയുള്ള  രോഗങ്ങൾ അകറ്റുന്നതിന് സംയോജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും  ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ചിട്ടയായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രതിരോധത്തിന്റെ ആദ്യ പടിയായി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോബ് സി ഒ സ്വാഗതം ആശംസിച്ചു.
 ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ശിവദാസ് വിഷയാവതരണം നടത്തി.
ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. സജിത്ത് ജോൺ മലേറിയ ദിനാചരണ സന്ദേശം നൽകി.
ശ്രീ. എൽദോ ടോംപോൾ ( ജില്ലാ പഞ്ചായത്ത് മെമ്പർ), ശ്രീമതി. മോളി തോമസ് (വൈസ് പ്രസിഡന്റ്, മണീട് ഗ്രാമ പഞ്ചായത്ത്), ശ്രീ. പ്രദീപ്. പി കെ (മെമ്പർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ജ്യോതി രാജീവ് (മെമ്പർ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), ശ്രീ അനീഷ് സി ടി (ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മണീട് ഗ്രാമ പഞ്ചായത്ത്), ശ്രീ ജോബ് പി എസ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മണീട് ഗ്രാമ പഞ്ചായത്ത്), ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ പോൾ വർഗീസ്, ശ്രീമതി രഞ്ജി സുരേഷ്,
ശ്രീ പ്രമോദ് പി, ശ്രീമതി ശോഭ ഏലിയാസ്,ശ്രീമതി  മിനു മോൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. വിപിൻ മോഹൻ (മെഡിക്കൽ ഓഫീസർ, മണീട്  കുടുംബാരോഗ്യ കേന്ദ്രം) കൃതജ്ഞത രേഖപെടുത്തി.

ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി മലമ്പനി രോഗ നിർണ്ണയ ക്യാമ്പും  ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി.

മലമ്പനി ഏറെ ശ്രദ്ധിക്കണം

പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്‍സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തില്‍പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്‍ത്തുന്നത്.
മലേറിയ അഥവാ  മലമ്പനിയ്ക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യ മുള്ളതിനാൽ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാർ ആശുപത്രികളിൽ മലമ്പനിയ്‌ക്കെതിരെയുള്ള സമ്പൂർണ ചികിത്സയും, പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാണ്. മലമ്പനി നിര്‍മ്മാര്‍ജനത്തിന് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതായിട്ടുണ്ട്.

തദ്ദേശീയ മലമ്പനിയേക്കാൾ  അന്യസംസ്ഥാനത്ത് നിന്നും വരുന്നവരിലും അവിടെ പോയി വരുന്നവരിലുമാണ് മലമ്പനി കൂടുതലായി കാണുന്നത്. അതിനാൽ ഇവരിൽ  പനിയുടെ ലക്ഷണം കാണുകയാണെങ്കിൽ  ഉടൻ തന്നെ മലമ്പനി പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 

date