പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറുന്നു: മന്ത്രി ഇ.ചന്ദ്രശേഖരന്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തു
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചുനിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളുകളില്‍ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അക്കാദമിക്, ഭൗതിക രംഗങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി നമ്മുടെ വിദ്യാര്‍ഥികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. പൊതുവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കുവാന്‍ സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞു. പൊതുവിദ്യാലയങ്ങില്‍ നിന്ന് മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണാവും വര്‍ധിച്ചുവരുന്നു. കഴിഞ്ഞവര്‍ഷം 1.40 ലക്ഷം കുട്ടികള്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം രണ്ടുലക്ഷത്തോളം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലങ്ങളില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചുതുടങ്ങി. വിഭവസമാഹരണത്തിനും പൊതുസമൂഹത്തില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. സര്‍ക്കാരിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. സ്‌കൂള്‍ രംഗത്ത് മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റത്തിന്റെ സമയമാണ് വരാനിരിക്കുന്നതെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷനായിരുന്നു. സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എംപി നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജനും ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിനാനൂര്‍ കരിന്തളം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാലയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍ അനുമോദന പ്രഭാഷണം നടത്തി. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സര്‍വകലാശാല ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പൂര്‍വവിദ്യാര്‍ഥിനി രേവതിയെയും ചടങ്ങില്‍ ആദരിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.എസ് രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, ബളാല്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.തങ്കമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കാര്‍ത്ത്യായനി, കാഞ്ഞങ്ങാട് ഡി.ഇ.ഒ: കെ.വി പുഷ്പ, ചിറ്റാരിക്കല്‍ ബി.പി.ഒ: കെ.പി ബാബു, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.വി. ചന്ദ്രന്‍, കെ.പി.ബാലകൃഷ്ണന്‍, ഭാസ്‌ക്കരന്‍ അടിയോടി, സി.എം. ഇബ്രാഹിം, അനാമയന്‍.ടി, പിടിഎ പ്രസിഡന്റ് പി.എന്‍.രാജ്‌മോഹന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.ടി.ജോണി, മാതൃസമിതി പ്രസിഡന്റ് സ്വര്‍ണ്ണലത, ഹെഡ്മാസ്റ്റര്‍ കെ.എ ബാബു, സീനിയര്‍ അസിസ്റ്റന്റ് വി.കെ.പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി അലോഷ്യസ് ജോര്‍ജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി സാബു സ്‌കറിയ, സ്‌കൂള്‍ പാര്‍ലമെന്റ് അംഗം അനഘ ജെ.എസ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ സുരേഷ് കൊക്കാട്ട് നന്ദിയും പറഞ്ഞു.
- Log in to post comments