ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മുതല്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ വരെ , വനിതാ വികസനത്തിലെ സാഫ് മാതൃക
തീരദേശ മേഖലയിലെ സ്ത്രീകളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനത്തിന്റെ ഊര്‍ജ സ്രോതസാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ അഥവാ സാഫ്. തീരദേശ മേഖലയിലെ വനിതകള്‍ക്കു സാമ്പത്തിക സഹായം ഉറപ്പാക്കി ദീര്‍ഘകാല സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സാഫിന്റെ പ്രവര്‍ത്തനം.
സംസ്ഥാന വ്യാപകമായി 150 ചെറുകിട സംരംഭങ്ങളാണ് സാഫിന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ജില്ലയില്‍ ആരംഭിച്ചത്. 431 വനിതകള്‍ക്കു സംരംഭം വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി. 2021-22 സാമ്പത്തിക വര്‍ഷവും 150 സംഘങ്ങള്‍ സാഫ് വഴി ആരംഭിച്ചിട്ടുണ്ട്. വനിതാ സംഘങ്ങളെ കണ്ടെത്തി പരിശീലനം ഉള്‍പ്പടെ നല്‍കിക്കഴിഞ്ഞു. അവര്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ കൈമാറും.
മത്സ്യത്തൊഴിലാളി വനിതാ സംഘങ്ങളെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കി സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന രീതിയിലാണ് സാഫിന്റെ പ്രവര്‍ത്തനം. അതിനായി തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് അച്ചീവ്‌മെന്റ് മോട്ടിവേഷന്‍, മാനേജ്‌മെന്റ്, അക്കൗണ്ട് എന്നീ വിഭാഗങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. തൊഴില്‍ സംരംഭം ആരംഭിച്ച ശേഷവും ആവശ്യമുള്ള സംഘങ്ങള്‍ക്കു നൈപുണ്യ വികസന പരിശീലനങ്ങള്‍ നല്‍കി വരുന്നു. സാങ്കേതിക വിദ്യാ നവീകരണത്തിനും ഉപകരണങ്ങളുടെ തേയ്മാനം സംഭവിച്ച ഭാഗങ്ങള്‍ മാറുന്നതിനുമായി തിരിച്ചടവില്ലാത്ത ഗ്രാന്‍ഡ് ഇനത്തില്‍ 50,000 രൂപ വരെ കൈമാറും. സംസ്ഥാനത്തെ 75 ഗ്രൂപ്പുകള്‍ക്കായി 25 ലക്ഷം രൂപ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാധ്യതകളെ സംരംഭങ്ങളുടെ വികസനത്തിനായി സാഫിന്റെ നേതൃത്വത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തഘട്ടമെന്ന നിലയില്‍ തീരമൈത്രിയുടെ ഔദ്യോാഗിക വെബ്‌സൈറ്റ് തുടങ്ങാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയും വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കിംഗ്, ലേബല്‍, ഡിസൈന്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.
സാഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് എറണാകുളം ജില്ല. ഈ സാമ്പത്തിക വര്‍ഷം 31 സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാമ്പത്തിക സഹായം നീക്കിവച്ചിട്ടുണ്ട്. ഇതിനായുള്ള സംഘങ്ങള്‍ക്കു പരിശീലനം ഉള്‍പ്പടെ നല്‍കുന്നുണ്ട്. ജില്ലയില്‍ സാഫിന് കീഴില്‍ 231 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തയ്യല്‍ വിഭാഗത്തില്‍ 88 എണ്ണവും മത്സ്യ സംസ്‌കരണ വിഭാഗത്തില്‍ 51 എണ്ണവും 4 പൊടി മില്ലുകളും 29 ഹോട്ടല്‍ യൂണിറ്റുകളും 4 സൂപ്പര്‍മാര്‍ക്കറ്റുകളും 18 പലചരക്ക് കടകളും 4 ഹയറിങ് യൂണിറ്റുകളും 14 മൃഗപരിപാലന സംഘങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
- Log in to post comments