Skip to main content
കെ.എസ്.ഇ.ബിയിലെ ഹിതപരിശോധനയ്ക്കുള്ള പോളിങ് സാമഗ്രികള്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വിതരണം ചെയ്യുന്നു.

കെ.എസ്.ഇ.ബി ഹിതപരിശോധന;  പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു

 

    കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണു വിതരണം ചെയ്തത്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ അതാത് ജില്ലകളില്‍ നിന്നുള്ള തൊഴില്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  സാമഗ്രികള്‍ കൈപ്പറ്റി. 
 
    ഹിതപരിശോനയ്ക്കു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറുമായ കെ.ശ്രീലാല്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടക്കുന്ന പോളിംഗ് പ്രവര്‍ത്തനങ്ങളും ഏപ്രില്‍ 30ന് നടക്കുന്ന കൗണ്ടിംഗും സുഗമമായി നടത്തുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍മാരെയാണ് അസിസ്റ്റിംഗ് റിട്ടേണിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുളളത്. 

    തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തും. രാവിലെ 8ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് 5ന് അവസാനിക്കും. 

    കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്), യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ യൂണിയനുകള്‍ ഹിതപരിശോധനയില്‍ പങ്കെടുക്കും.

date