തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും -മന്ത്രി ടി.പി.രാമകൃഷ്ണന്‍
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്‍റ ഭാഗമായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ഇരിപ്പിട സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഷോപ്പിങ് കോംപ്ലക്സ്, കുടുംബശ്രീ വനിതാ തൊഴില്‍ സേവന 'സംഘടിത' എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പുരസ്ക്കാര സംഖ്യ ഉള്‍പ്പെടെ 26.89 ലക്ഷം മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. 1984ല്‍ നിര്‍മിച്ച കെട്ടിടം കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായിരുന്നു. നിലവിലെ ഇവിടത്തെ വാടകക്കാരെ ഒഴിപ്പിച്ചാണ് പുതുക്കി പണിഞ്ഞത്. ഒമ്പത് കടമുറികളാണ് നവീകരിച്ച ഷോപ്പിങ് കോംപ്ലസിലുള്ളത്. കെട്ടിടമുറികളുടെ ലേലത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കടമുറികള്‍ ലേലം ചെയ്യും. ഇതിലൂടെ ഗ്രാമപഞ്ചായത്തിന്‍റെ വരുമാനം വര്‍ധിക്കും. പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.കെ. ദേവി സംഘടിത ലോഗോ പ്രകാശനം ചെയ്തു.
സംസ്ഥാനത്ത് മികച്ച അങ്കണവാടി പ്രവര്‍ത്തയ്ക്കുള്ള പുരസ്ക്കാര ജേതാവ് പി. പങ്കജവല്ലിയെ ആദരിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോതിവാസന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.രുഗ്മിണി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അസി.എന്‍ജിനീയര്‍ കെ.പി. ബാലകൃഷ്ണന്‍, പ്രസിഡന്‍റ് അഡ്വ. സി.എന്‍. ഷാജുശങ്കര്‍, സെക്രട്ടറി എം.സി. കുഞ്ഞഹമ്മദ്കുട്ടി, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. ഉഷാറാണി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments