കെട്ടിട നിര്‍മാണ അനുമതി അദാലത്ത് 12 ന് ജൂലൈ ഒമ്പതിനകം അപേക്ഷിക്കണം
കെട്ടിട നിര്‍മാണ അനുമതിക്കായി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് നഗര-ഗ്രാമാസൂത്രണ കാര്യാലയം അദാലത്തിലൂടെ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. നിലവിലെ എല്ലാ നിയമങ്ങള്‍ക്കും വിധേയമായ അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജൂലൈ 12ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ രാവിലെ 11 ന് അദാലത്ത് ആരംഭിക്കുമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ പി.കെ ഗോപി അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കി യഥാസമയം തീരുമാനം ലഭിക്കാത്തവര്‍ക്ക് അദാലത്തില്‍ പരിഗണിക്കുന്നതിനായി അപേക്ഷ നല്‍കാം .ഗാര്‍ഹിക-വാണിജ്യ-വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും.
അദാലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍പ് ഗ്രാമപഞ്ചായത്തുകളിലോ നഗരസഭകളിലോ കെട്ടിട നിര്‍മാണ അനുമതിക്കായി അപേക്ഷിച്ചവരാവണം.ഈ അപേക്ഷയുടെ പകര്‍പ്പോ രശീതോ അടക്കം ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നഗര-ഗ്രാമ ആസൂത്രണ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ ലംഘനം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220 പ്രകാരം റോഡ് അതിര്‍ത്തിയില്‍ നിന്നും മൂന്ന് മീറ്റര്‍ ദൂരം പാലിക്കാത്തതോ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാലിക്കാത്തതോ ആയ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ലെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍,ടൗണ്‍ പ്ലാനര്‍, ഗ്രാമ പഞ്ചായത്ത് - നഗരസഭ സെക്രട്ടറിമാര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാര്‍, അദാലത്തില്‍ പങ്കെടുക്കും.
അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ നഗര-ഗ്രാമാസൂത്രണ കാര്യാലയത്തില്‍ നിന്നും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഈ അപേക്ഷകളില്‍ വ്യക്തമായ വിശദീകരണ റിപ്പോര്‍ട്ടുമായാണ് അദാലത്തില്‍ പങ്കെടുക്കുക.
- Log in to post comments