Skip to main content

ജൈവകൃഷി പ്രവർത്തനങ്ങൾക്കുള്ള അവാർഡ് 

ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലയിൽ 2017 ഏപ്രിൽ 1 മുതൽ 2018 ജൂലൈ 31 വരെയുള്ള കാലയളവിൽ ജൈവകൃഷിയുമായി ബന്ധപ്പെട്ട് നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച പഞ്ചായത്തുകൾ, നിയമസഭാ മണ്ഡലങ്ങൾ, മുൻസിപ്പാലിറ്റികൾ എന്നിവയ്ക്ക് അവാർഡുകൾ നൽകുന്നു. ബന്ധപ്പെട്ട പഞ്ചായത്തുകൾ/മുൻസിപ്പാലിറ്റികൾ അവാർഡിനുള്ള അപേക്ഷ കൃഷിഭവൻ മുഖാന്തരവും നിയമസഭാ മണ്ഡലത്തിനുള്ള അവാർഡിന്റെ അപേക്ഷ ബ്ലോക്ക് തലത്തിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ മുഖാന്തരവും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക്  ഓഗസ്റ്റ് 30നകം  നൽകേണ്ടതാണ്. അവാർഡിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ വർഷം നടപ്പിലാക്കിയ ജൈവകൃഷിയുടെ ഫോട്ടോ അടങ്ങിയ ഡോക്യുമെന്റേഷൻ സമർപ്പിക്കേണ്ടതാണ്. അവാർഡ് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി അതാത് പഞ്ചായത്തിലെ കൃഷിഭവനുമായോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെടേണ്ടതാണ്. നിയമസഭാ മണ്ഡലങ്ങൾക്കുള്ള അവാർഡ് തുക:ഒന്നാം സമ്മാനം  - 15 ലക്ഷം, രണ്ടാം സമ്മാനം  - 10 ലക്ഷം,മൂന്നാം സമ്മാനം  - 5 ലക്ഷം. ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡ്:ഒന്നാം സമ്മാനം   - 3 ലക്ഷം,രണ്ടാം സമ്മാനം   - 2 ലക്ഷം,മൂന്നാം സമ്മാനം  - 1 ലക്ഷം. മുൻസിപ്പാലിറ്റികൾക്കുള്ള അവാർഡ്:ഒന്നാം സമ്മാനം   -  3 ലക്ഷം,രണ്ടാം സമ്മാനം   -  2 ലക്ഷം,മൂന്നാം സമ്മാനം  -   1 ലക്ഷം.

(പി.എൻ.എ. 1589/2018)

 

 

നെഹ്രുട്രോഫി ജലമേള: ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകൾ പുറത്തിറക്കി

 

ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയുടെ ടിക്കറ്റുകളുടെ  അനധികൃത വിൽപ്പന തടയാൻ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകൾ പുറത്തിറക്കി. 66 ാമത് ജലമേള ഓഗസ്റ്റ് 11-ാം തീയതി നടക്കാനിരിക്കെ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സി.ഡിറ്റ് രൂപകൽപ്പന ചെയ്ത പ്രത്യേക ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്.  ജൂലൈ ആദ്യവാരം മുതൽ ടിക്കറ്റുകൾ എല്ലാ സർക്കാർ ഓഫീസുകളിലും ലഭ്യമാകും. ഓഫീസ് മേധാവികൾ ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകൾ മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ടിക്കറ്റുകൾ വാങ്ങുന്നവർ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകൾ നോക്കിവാങ്ങേണ്ടതാണ് . നെഹ്‌റുട്രോഫി ജലമേളയുടെ ടിക്കറ്റുകളിൽ ഹോളോഗ്രാം മുദ്ര പതിപ്പിച്ചുകൊണ്ട് എൻ.ടി.ബി.ആര് സെക്രട്ടറി സബ്കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

(പി.എൻ.എ. 1590/2018)

date