Skip to main content

വേള്‍ഡ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ റാലി ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

 

ജില്ലയില്‍ ജൂലായില്‍ നടക്കുന്ന വേള്‍ഡ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം ടീം മലബാര്‍ റൈഡേര്‍സും ഗ്രീന്‍ കെയര്‍ മിഷനും സംയുക്തമായി കോഴിക്കോട് നിന്ന് വയനാട് വരെ നടത്തുന്ന  സൈക്കിള്‍ റാലി ജില്ലാ കലക്ടര്‍ യു.വി.ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പും ജില്ലാ പഞ്ചായത്തും കോടഞ്ചേരി, ചക്കിട്ടപ്പാറ, തിരുവമ്പാടി പഞ്ചായത്തുകളും ചേര്‍ന്ന് മദ്രാസ് ഫണ്‍ ടൂള്‍സിന്റേയും ജി.എം.ഐ യുടേയും സഹകരണത്തോടെയാണ്  ആറാമത് റിവര്‍ ഫെസ്റ്റിവലും ലോക വൈറ്റ് വാട്ടര്‍ കയാക്കിംങ് ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കുന്നത്. 

വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ടീം മലബാര്‍ റൈഡേഴ്‌സ്, ജി.എം.ഐ എന്നിവ സംയുക്തമായാണ് റാലി നടത്തുന്നത്. സാഹിര്‍ ഉസ്മാന്‍, ബുജൈര്‍, കെ.ടി.എ നാസര്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതോളം  സൈക്കിളിസ്റ്റുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിതകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, ജി.എം.ഐ സെക്രട്ടറി റോഷന്‍ കൈനടി തുടങ്ങിയവര്‍ പങ്കെടുത്തു. 

        കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം സഞ്ചരിച്ച് പൂക്കോട് എത്തുന്ന റാലിക്ക് വയനാട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്വീകരണം നല്‍കും. ഇന്ന് (ജൂലായ് 8) ഞായറാഴ്ച രാവിലെ കൈതപ്പൊയില്‍ വഴി തുഷാരഗിരി പാലത്തില്‍ സമാപിക്കുന്ന സൈക്കിള്‍ റാലിക്ക് എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് സ്വീകരണം നല്‍കും. 

 

date