Skip to main content

മത്‌സ്യകര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മത്സ്യകര്‍ഷക ദിനാഘോഷവും അവാര്‍ഡ് വിതരണവും ഇന്ന് (ജൂലൈ 10) നടക്കും

സംസ്ഥാനത്തെ മികച്ച മത്‌സ്യ കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല മികച്ച ശുദ്ധജല മത്‌സ്യകര്‍ഷകനുള്ള അവാര്‍ഡിന് തിരുവല്ല വളഞ്ഞവട്ടം വാഴപ്പള്ളില്‍ പ്രദീപ് ജേക്കബ് അര്‍ഹനായി. മികച്ച ഓരുജല മത്സ്യകര്‍ഷനുള്ള അവാര്‍ഡ് തൃശൂര്‍ പള്ളിപ്പുറം മാള ചക്കാലയ്ക്കല്‍ ഹൗസില്‍ ലൈജു ജോണിക്ക് നല്‍കും. തൃശൂര്‍ പുല്ലൂറ്റ് നാരായണമംഗലം ചെറുവട്ടായില്‍ വീട്ടില്‍ പി. കെ. സുധാകരനാണ് മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള അവാര്‍ഡ്. തൊടുപുഴ മറിയക്കലുങ്ക് ആനച്ചാലില്‍ ജോളി വര്‍ക്കി നൂതന മത്‌സ്യക്കൃഷി നടപ്പാക്കിയതിനുള്ള അവാര്‍ഡിന് അര്‍ഹനായി. കൊല്ലം ചിറക്കര ഗ്രാമപഞ്ചായത്തിനാണ് മികച്ച രീതിയില്‍ മത്‌സ്യമേഖല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. തിരുവനന്തപുരം പെരുമാതുറ സിദ്ദിഖ് മന്‍സിലില്‍ ബി. സിദ്ദിഖാണ് മികച്ച സംസ്ഥാനതല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. ജില്ലാതല മത്‌സ്യകര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
    ദേശീയ മത്സ്യകര്‍ഷക ദിനാഘോഷവും മത്‌സ്യ കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇന്ന് (ജൂണ്‍ 10) രാവിലെ പത്തിന് കൊല്ലം സി. എസ്. ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം. എല്‍. എ അധ്യക്ഷത വഹിക്കും. കൊല്ലം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യാതിഥിയാവും. എം. പിമാര്‍, എം. എല്‍. എമാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, മത്‌സ്യകര്‍ഷകര്‍ എന്നിവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.2858/18

date