Skip to main content

ഒന്ന് നില്‍ക്കു... അപകടങ്ങളെ നേരിടാന്‍ പഠിക്കാം

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയും അപകടങ്ങളെ നേരിടുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചും അഗ്‌നിരക്ഷാസേന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതി പരിചയപ്പെടുത്തുകയാണ് അഗ്‌നിരക്ഷാവകുപ്പ്.

 

മേള കണ്ടിറങ്ങുന്നവര്‍ ഒരു അപകടമുണ്ടാകുമ്പോള്‍ ചെറുക്കാനുള്ള ധൈര്യവുമായാണ് ഇവിടെ നിന്ന് പോകുന്നത്. വാഹനാപകടം ഉണ്ടാകുമ്പോള്‍ ജാക്കി വച്ച് ഉയര്‍ത്താന്‍ പറ്റാത്ത വാഹനങ്ങള്‍ 15,25,50,75 ടണ്ണോളം കംപ്രസ്ഡ് എയര്‍ നിറച്ച് ഉയര്‍ത്തുന്ന ന്യുമാറ്റിക് ബാഗ്, 125 അടിയോളം താഴ്ചയില്‍ മുങ്ങാനാകുന്ന യൂണിവേഴ്സല്‍ ഡൈവിംഗ് ഉപകരണമായ സെല്‍ഫ് കണ്‍ണ്ടെയ്ന്‍ഡ് ബ്രീത്തിംഗ് അപ്പാരറ്റസ്, അഗ്‌നിയില്‍ അഞ്ച് മിനിട്ടോളം അപകടങ്ങളൊന്നും കൂടാതെ നില്‍ക്കാന്‍ കഴിയുന്ന അലുമിനിയം സ്യൂട്ട്, ഗ്യാസ് ചോര്‍ച്ച, പൊള്ളല്‍, രാസവസ്തുക്കളേല്‍ക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള കെമിക്കല്‍ സ്യൂട്ട് എന്നിവയൊക്കെ സ്റ്റാളിന്റെ ആകര്‍ഷണങ്ങളാണ്.

 

ഫ്ളൂയിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് കട്ടര്‍, സ്പ്രെഡര്‍ എന്നിവയും പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഗ്‌നി രക്ഷ സേന ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശകര്‍ക്ക് ഉപകരണങ്ങളെക്കുറിച്ച് വിവരണം നല്‍കുന്നത്. ഇതിന് പുറമെ, അഗ്‌നി സുരക്ഷാ സംബന്ധമായ ലഘുലേഖകളും സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്.

date