Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്ത്രീകള്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവത്തിന്

സൗജന്യ ചികിത്സ

 

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 8) എല്ലാ ആഴ്ചയിലും തിങ്കള്‍ മുതല്‍ വെളളി വരെ രാവിലെ എട്ടു മുതല്‍ ഒന്നു വരെ ആര്‍ത്തവ സംബന്ധമായി സ്ത്രീകള്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവത്തിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 18 മുതല്‍ 52 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9995507822, 9567921905.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. പ്രായം 50 വയസില്‍ കവിയരുത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ് കോളേജ്, എറണാകുളം, എച്ച്.എം.റ്റി കോളനി, പിന്‍ 683503. വിലാസത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 18-ന് രാവിലെ 11-ന് ഹാജരാകണം.

 

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ്

ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്

 

കൊച്ചി: മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2018 ജൂലൈ  ബാച്ചിലേക്കുളള അഡ്മിഷന്‍ തുടരുന്നു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

 

ഗവ:നഴ്‌സിംഗ് കോളേജില്‍ ഹൗസ് കീപ്പറുടെ ഒഴിവുണ്ട്

 

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഹൗസ് കീപ്പറെ ആവശ്യമുണ്ട്. 18 നും 40 വയസിനും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത യുളളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവരും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ ജൂലൈ 16-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ: നഴ്‌സിംഗ് കോളേജ് (എച്ച്.എം.ടി കോളനി.പി.ഒ, കൊച്ചി 683503 ഫോണ്‍ 04842754485.) പ്രിന്‍സിപ്പാളിനു മുന്‍പില്‍ ഹാജരാകണം.  

 

ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

 

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശ്രവണവൈകല്യമുളള ഭിന്നശേഷിക്കാര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുളള ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആയുര്‍വേദത്തിലോ, സിദ്ധയിലോ, യുനാനിയിലോ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ആയുര്‍വേദ ഫാര്‍മസിയില്‍ ബിരുദം. ശമ്പള സ്‌കെയില്‍ 39500. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ശ്രവണ വൈകല്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

 

 

അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ ഒഴിവ്

 

കൊച്ചി: തൃശൂര്‍ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍  ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത കൊമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, കോ- ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് (എച്ച്.ഡി.സി) അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ കൊമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ. ഇന്റര്‍ വിജയിച്ചിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 20000-24000. പ്രായം 20-37 (നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സ്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

 

സൗജന്യ മത്സര പരീക്ഷാ പരിശീലനം

 

കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍  പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 12 മുതല്‍ 25 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാപരിശീലനം കാക്കനാട് തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.എ.എ.എം എല്‍.പി സ്‌കൂളില്‍ സംഘടിപ്പിക്കും. പി.എസ്.സി നടത്തുന്ന വിവിധതരം മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് കോച്ചിംഗ് ക്ലാസ് വിദഗ്ധരായ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്നത്. കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഉദ്യോഗാര്‍ഥികള്‍ ജില്ലയിലെ തൊട്ടടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 10 നകം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

 

ലഹരിക്കെതിരേ ഹാഫ് മാരത്തോണ്‍

 

കൊച്ചി: സമൂഹത്തില്‍ പടരുന്ന മയക്കുമരുന്ന് എന്ന വിപത്തില്‍ നിന്ന് യുവാക്കളേയും വിദ്യാര്‍ഥികളേയും ജീവിത ലഹരിയിലേക്ക് തിരിച്ച് വിടുന്നതിനായി എക്‌സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിക്കെതിരേ ഹാഫ് മാരത്തോണ്‍ ഓഗസ്റ്റ് 12 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നടക്കും. ഹാഫ് മാരത്തോണിനൊപ്പം പതിനായിരം പേര്‍ പങ്കെടുക്കുന്ന ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കായുള്ള ഹ്രസ്വ ദൂര ഓട്ടവും സംഘടിപ്പിക്കും. രാവിലെ 5.30 നും ഫണ്‍ റണ്‍ രാവിലെ 6.30 നുമാണ് മാരത്തോണ്‍ നടക്കുക. മൂന്ന് വിഭാഗങ്ങളിലായി വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ജനറല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 50,000 രൂപയാണ്. രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണ്. 35-50 പ്രായമുള്ളവരുടെ വിഭാഗത്തില്‍ 25,000, 15,000, 10,000 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. 50 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് 25,000, 15,000, 10,000 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. സൗജന്യ രജിസ്‌ട്രേഷന് www.vimukthimarathon.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496081303, 9447126720, 9447458621 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. മാരത്തോണിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി വിവിധ കലാകായിക സാംസ്‌കാരിക പരിപാടികളും നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 

 

 

മത്സ്യത്തൊഴിലാളികള്‍ക്കായുളള പരിശീലന പരിപാടി

 

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കടല്‍ സുരക്ഷയെക്കുറിച്ചുളള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി സിഫ്‌നെറ്റിലാണ് പരിശീലനം. ആറു ദിവസമാണ് പരിശീലന കാലാവധി. പരിശീലനാര്‍ഥികള്‍ക്ക് പരിശീലന ദിവസങ്ങളില്‍ 500 രൂപ സ്റ്റൈപ്പന്റ്, യാത്ര ബത്ത, ഭക്ഷണം, താമസസൗകര്യം എന്നിവ നല്‍കും. താത്പര്യമുളള പരിശീലനാര്‍ഥികള്‍ ജൂലൈ 13-ന് മുമ്പ് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുളള ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ 0484-2604176.

 

അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി

 

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായി അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ തലത്തില്‍ അക്വാകള്‍ച്ചര്‍ ഒരു വിഷയമായി പഠിക്കുകയും പ്രസ്തുത കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത 20 നും 30 നും മധ്യേ പ്രായമുളളവരായിരിക്കണം അപേക്ഷകര്‍. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുളള തിരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും ട്രെയിനിംഗ് സെന്ററുകളിലുമായിട്ടായിരിക്കും പരിശീലനം. പരിശീലന പരിപാടിയുടെ കാലാവധി എട്ട് മാസമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട പരിശീലനാര്‍ഥികള്‍ക്ക് ട്രെയിനിംഗ് കാലയളവില്‍ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റും നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 16 നു മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) ഈസ്റ്റ് കടുങ്ങല്ലൂര്‍, ആലുവ - 683102 ല്‍ തപാല്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. അപേക്ഷാഫാറം വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.fisheries.kerala.gov.in ഫോണ്‍ 0484-2604176.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: കേരള ഹൈക്കോടതിയിലെ നാലാം നിലയിലുളള ലൈബ്രറിയിലെ പുസ്തകങ്ങള്‍ റാക്കോടുകൂടി ഹൈക്കോടതിയുടെ  എട്ടാം നിലയിലുളള ബില്‍ഡിങ്ങിലേക്ക് മാറ്റി ക്രമീകരിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 10-ന് ഉച്ചയ്ക്ക് രണ്ടണ്‍ു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി  രജിസ്ട്രാര്‍ (റിക്രൂട്ട്‌മെന്റ് & കമ്പ്യൂട്ടറൈസേഷന്‍) വിഭാഗത്തില്‍ അറിയാം.

 

 

ഐരാപുരം പട്ടികവര്‍ഗ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം

 

കൊച്ചി: വര്‍ഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാപുരം പട്ടികവര്‍ഗ കോളനിയിലെ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മുടക്കി കോളനിയിലേക്ക് സ്വന്തമായി കിണറും, മോട്ടോര്‍ ഷെഡും, ടാങ്കും, എല്ലാ വീട്ടിലേക്കും ഹൗസ് കണക്ഷനും പദ്ധതിയുടെ ഭാഗമായി നല്‍കി. 

 

വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന കോളനിയാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഐരാപുരം പട്ടികവര്‍ഗ കോളനി. പത്തോളം വീടുകളാണ് കോളനിയില്‍ നിലവിലുള്ളത്. കോളനിയില്‍ ഒരു കിണര്‍ ഉണ്ടെങ്കിലും വേനല്‍ കനത്താല്‍ കിണര്‍ വറ്റും.  ഇത്തരമൊരു സാഹചര്യത്തിലാണ് കിണറിന്റെ ആഴം കൂട്ടി പ്രശ്‌നം പരിഹരിച്ചത്. കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച വാര്‍ഡ് അംഗമായിരുന്ന ജോര്‍ജ് കണ്ടനാടിനോടുള്ള ആദരസൂചകമായി കുടിവെള്ള പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ അംഗം ഷൈജ അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, ലതസോമന്‍, കെ.കെ രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

ക്യാപ്ഷന്‍: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാപുരം പട്ടികവര്‍ഗ കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ല നിയമസേവന അതോറിറ്റി

 

കൊച്ചി: 'ദളിതര്‍ക്കും ആദിവാസികള്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സൗജന്യ നിയമ സേവനവും നീതിയും ഞങ്ങള്‍ ഉറപ്പ് വരുത്തും'. എറണാകുളം നിയമസേവന അതോറിറ്റിയുടെ (ഡി.എല്‍.എസ്.എ) ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് തുറക്കുമ്പോള്‍ കാണുന്ന വാചകങ്ങളാണ് ഇവ. തങ്ങളുടെ കവര്‍ ഫോട്ടോയില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളേയും അന്വര്‍ത്ഥമാക്കും വിധമാണ് എറണാകുളം ഡി.എല്‍.എസ്.എയുടെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അതിന്റെ ഗൗരവമനുസരിച്ച് ഒരു ജഡ്ജി തന്നെ നേരിട്ടെത്തി അവസ്ഥകള്‍ കണ്ടറിഞ്ഞ് പരിഹാരങ്ങള്‍ നല്‍കുന്ന രീതിയിലാണ് അതോറിറ്റിയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍.  ഫയലുകളിലെ പല പ്രശ്‌നങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിജയിപ്പിച്ചെടുക്കുകയാണ് ഡി.എല്‍.എസ്.എ. 

 

ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, പീഡനത്തിന് ഇരയായവര്‍, വിധവകള്‍, പ്രായാധിക്യമുള്ളവര്‍, മാനസിക രോഗം ബാധിച്ചവര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കെല്ലാം നീതി ലഭ്യമാക്കാന്‍ ഡി.എല്‍.എസ്.എയ്ക്ക് കഴിഞ്ഞു.

 

ഡി.എല്‍.എസ്.എ സെക്രട്ടറി എ.എം ബഷീര്‍ ജില്ലയിലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ സന്ദര്‍ശിക്കുകയും അവരുടെ അവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുടങ്ങിക്കിടന്ന ഇന്‍ഷുറന്‍സ് പരിരക്ഷ യാഥാര്‍ത്ഥ്യമാക്കി. കഴിഞ്ഞ മെയ്ദിനത്തില്‍ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. രണ്ടര ലക്ഷം രൂപയ്ക്കാണ് ഓരോ തൊഴിലാളിയേയും ഇന്‍ഷൂര്‍ ചെയ്തത്. പരിക്കുപറ്റുന്നവര്‍ക്ക് 50,000 രൂപയും മരണമടഞ്ഞാല്‍ രണ്ട് ലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. മുപ്പതിനായിരം തൊഴിലാളികള്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് ഇന്‍ഷുറന്‍സ് നല്‍കാനായത്.

 

ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയെന്ന ആശയത്തിന് വേണ്ടിയും ഡി.എല്‍.എസ്.എ മുന്നിട്ടിറങ്ങി. എറണാകുളത്തെ 30 ആദിവാസി ഊരുകളില്‍ റേഷനെത്തിക്കാന്‍ ഡി.എല്‍.എസ്.എ വഴി സിവില്‍ സപ്ലൈസിന് കഴിഞ്ഞു.

 

'ആയിരം അദ്ധ്യായങ്ങള്‍' എന്ന് പേരിട്ട ബോധവത്ക്കരണ പരിപാടിയും ഡി.എല്‍.എസ്.എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തി വരികയാണ്. മദ്യം, മയക്കുമരുന്ന്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, റാഗിങ്ങ് എന്നിങ്ങനെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ എല്ലാ വില്ലേജുകളിലും നഴ്‌സറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് ലോ കോളേജുകളില്‍ നിയമ സഹായ ക്ലിനിക്കുകള്‍ തുറന്നു. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാക്രമണം, പീഡനം, അശ്ലീല ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കുന്ന പോക്‌സോ നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണം പോലീസുകാര്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും നടത്തി. പോക്‌സോ കേസുകള്‍ ഉണ്ടാകുമ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റിയുമായിരുന്നു ബോധവത്ക്കരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

 

ട്രെയിനുകളില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ സംരക്ഷിക്കാനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന് എല്ലാവിധ നിയമ സഹായങ്ങളും ചെയ്യുന്നത് ഡി.എല്‍.എസ്.എയാണ്. കാക്കനാട് ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് സ്വയംതൊഴില്‍ പഠനത്തിനായി  ക്യാംപ് സംഘടിപ്പിക്കുകയും കുട നിര്‍മ്മാണം, നെറ്റിപ്പട്ട നിര്‍മ്മാണം എന്നിവ പഠിപ്പിക്കുകയും ചെയ്തു. ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുമായി സാക്ഷരതാ മിഷന്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ജില്ലയിലുടനീളം പതിനൊന്ന് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തി. പുതിയ തൊഴിലുകള്‍ ആരംഭിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായത്തിനുള്ള നടപടികളും സ്വീകരിച്ചു.

          

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്‍, കുടുംബശ്രീ, എന്‍.ജി.ഒ എന്നിവരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നടപ്പിലാക്കി. മൂവാറ്റുപുഴ നഗരസഭ ഒറ്റ ദിവസം കൊണ്ടു തന്നെ വളണ്ടിയര്‍മാരുടെ സഹായത്തോടെ വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. ഏഴ് താലൂക്കകളിലായി താലൂക്ക് നിയമ സേവന അതോറിറ്റികളുടെ സഹായത്തോടെ 5000 ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട മുപ്പതോളം പൊതു ഇടങ്ങളില്‍ തുടര്‍ച്ചയായി മാലിന്യ നിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും പരിഹാരത്തിനായി പോലീസ് സേനയേയും വിവിധ എന്‍ ജി ഒ കളെയും ഏകോപിപ്പിച്ച് ആ പ്രദേശങ്ങളെ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്തു.

 

ആലുവ ചുണങ്ങംവേലി പുഷപ നഗര്‍ കോളനി ഡി.എല്‍.എസ്.എ സെക്രട്ടറി എം.എ. ബഷീര്‍ സന്ദര്‍ശിക്കുകയും കോളനിയിലെ കുടിവെള്ള ക്ഷാമം, ശൗചാലയങ്ങളുടെ അപര്യാപ്തത, പ്രായമായവരുടെയും സ്ത്രീകളുടെയും സുരക്ഷ, റേഷന്‍ സംവിധാനം, വീടുകളുടെ അറ്റകുറ്റപ്പണി എന്നീ കാര്യങ്ങളില്‍ അതത് വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണുവാന്‍ ശ്രമിക്കും എന്ന് ഉറപ്പ് നല്‍കുകയും കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. ഇവിടുത്തെ നൂറുവീടുകളില്‍ മുപ്പത് വീടുകളുടെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. 

 

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം എന്നീ വൈകല്യമുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള 'നിരാമയ' ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ത്വരിത ഗതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഡി.എല്‍.എസ്.എ വഴി ചെയ്യുന്നു. സാമൂഹ്യക്ഷേമ വകുപ്പുമായി സഹകരിച്ച് നിരാമയ പദ്ധതി ഏവരിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഡി.എല്‍.എസ്.എ.

 

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സമൂഹത്തിലെ അശരണക്കാര്‍ക്കായി വലുതും ചെറുതുമായ നിരവധി വിഷയങ്ങളില്‍ ഡി.എല്‍.എസ്.എ ഇടപെട്ടു. പ്രായമായവരുടെയും അനാഥരുടെയും രോഗികളുടെയും പ്രശ്‌നങ്ങള്‍ ഡി.എല്‍.എസ്.എ അധികാരികള്‍ നേരിട്ടെത്തി മനസിലാക്കുകയും അടിയന്തിര പരിഹാരം കാണുകയും ചെയ്തു. പീഡനത്തിന് ഇരയായവര്‍ക്കും ആസിഡ് അക്രമത്തിന് ഇരയായവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ചു. സബ് ജഡ്ജ് കൂടിയായ എം.എ ബഷീര്‍ ആണ് ഡി.എല്‍.എസ്.എയുടെ എറണാകുളം ജില്ലാ സെക്രട്ടറി. ഒരു വര്‍ഷ കാലാവധിയില്‍ ഡെപ്യൂട്ടേഷനിലാണ് നിയമനം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണ്ണ വിജയത്തിലെത്തിക്കുന്നതിനും അവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കോടതി എന്ന നിലയില്‍  പ്രവര്‍ത്തിക്കുകയാണ് ഡി.എല്‍.എസ്.എ എന്ന് എം.എ ബഷീര്‍ പറഞ്ഞു.

 

date