Skip to main content

റേഷന്‍ വിതരണം; ഓണ്‍ലൈന്‍ സംവിധാനം മെച്ചപ്പെടുത്തണം

റേഷന്‍ കടകളില്‍ ഏറെ നേരം നെറ്റ് കണക്ഷനില്ലാതെ വരുന്ന സാഹചര്യത്തില്‍ റേഷന്‍ കടകളില്‍ സാധനം വിതരണം ചെയ്യുന്നതിനും ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും സൈറ്റ് അടിയന്തിരമായി ഓപ്പണ്‍ ചെയ്യണമെന്നും പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിക്കല്‍, തിരുത്തല്‍ കൂട്ടി ചേര്‍ക്കല്‍ എന്നിവ അതാത് റേഷന്‍കട വഴി സ്വീകരിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമാക്കണമെന്നും ഓണ്‍ലൈന്‍ സംവിധാനം മെച്ചപ്പെടുത്തണമെന്നും കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മാവൂര്‍ റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്നും മാവൂര്‍ - കണ്ണിപറമ്പ് റോഡില്‍ അനധികൃതമായി റോഡ് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുക്കുന്ന കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി കയ്യേറ്റം ഒഴിപ്പിക്കണം. പെട്രോള്‍ പമ്പുകളിലെ ക്രമക്കേടുകള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധന നടത്തണം. പാളയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യം, മയക്കുമരുന്ന് കച്ചവടം വ്യാപകമാണെന്നും ഇതു തടയുന്നതിന് കോര്‍പ്പറേഷന്‍ രണ്ട് ബസ് സ്റ്റാന്‍ഡുകളിലും സി.സി.ടി.വി സ്ഥാപിക്കണമെന്നും പോലീസ് പരിശോധന നടത്തണമെന്നും യോഗം അവശ്യപ്പെട്ടു.  
സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന നഗരത്തിലെ ദേശസാല്‍കൃത ബാങ്കുകളുടെ നടപടികള്‍ അവസാനിപ്പിക്കണമെന്നും കോഴിക്കോട് നിന്നും കടലുണ്ടി റെയില്‍വെ സ്റ്റേഷന്‍ കമ്മ്യൂണിറ്റി സര്‍വ്വ് മേഖല, കടലുണ്ടി പക്ഷിക സങ്കേതകേന്ദ്രത്തിലേക്കും പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് കോര്‍പ്പറേഷന്‍ മോണിറ്ററിങ്ങ് സെന്റര്‍ തുടങ്ങണമെന്നും നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാന്‍ ട്രാഫിക് നിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ തഹസില്‍ദാര്‍ കെ.ടി സുബ്രബ്മണ്യന്‍, ചോലക്കല്‍ രാജേന്ദ്രന്‍ , കെ മോഹനന്‍, എന്‍.വി ബാബുരാജ്, സി. വീരന്‍കുട്ടി, പി. മുഹമ്മദ്, എന്‍. സഖീഷ് ബാബു, ബാലകൃഷ്ണന്‍ പൊറ്റത്തില്‍, സി.അമര്‍നാഥ്, നാരായണ്‍ ഇയ്യക്കുന്നത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളും സംസാരിച്ചു. 
 

date