Skip to main content

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്;  ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്

 

 

 

ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽകാർഡും (യുഡിഐഡി) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കാൻ ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യുഡിഐഡി കാർഡ്. www.swavlambancard.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.

അക്ഷയകേന്ദ്രങ്ങൾ, ജനസേവകേന്ദ്രങ്ങൾ, കംപ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേന രജിസ്റ്റർ ചെയ്യാം. അപേക്ഷകർ നേരിട്ട് ഹാജരാകണമെന്നില്ല. അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/ വിരലടയാളം, ആധാർ കാർഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്ട്രേഷൻ നടത്താം. സ്മാർട്ട്ഫോൺ മുഖേന വീട്ടിലിരുന്ന് സ്വന്തമായും രജിസ്‌ട്രേഷൻ നടത്താം. 

നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ  അപേക്ഷയോടൊപ്പം അതുകൂടി അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐ ഡി കാർഡും നൽകും. നിലവിൽ കാർഡ് ലഭിച്ചവർ അപേക്ഷി ക്കേണ്ടതില്ല. മെയ് 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലും അങ്കണവാടികളിലും ലഭ്യമാണ്.

ജില്ലാഭരണകൂടം,സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുമായി ചേർന്നാണ് ജില്ലയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന്  ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്‌ഡിയുടെ അധ്യക്ഷതയിൽ  യോഗം ചേർന്നിരുന്നു.

date