Skip to main content

ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്താൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത്

 

ഭിന്നശേഷിക്കാരുടെ  ഉന്നമനത്തിനായി കലോത്സവം നടത്താനൊരുങ്ങി അന്തിക്കാട് ഗ്രാമപഞ്ചായത്ത്. ഈ വർഷം മുതൽ നടത്തുന്ന കലോത്സവത്തിനായി  75000 രൂപ  വകയിരുത്തിയിട്ടുണ്ട്. വികസന സെമിനാറിലാണ് കലോത്സവം നിർദ്ദേശമുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ   ഏഴര കോടിയിലേറെ തുകയുടെ പദ്ധതികളാണ്    പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരട് വാർഷിക പദ്ധതി രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു.

കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 35,61,000  രൂപ വകയിരുത്തി. കാർഷിക വിപണന കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ്  പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതെന്ന്  പ്രസിഡൻ്റ് ജ്യോതി രാമൻ അറിയിച്ചു.
നാളികേരം, നെല്ല് എന്നിവയിൽ നിന്നും മൂല്യവർദ്ധിത സംരംഭങ്ങൾ തുടങ്ങുന്നതിന്  പ്രത്യേക ഊന്നൽ നൽകും. കൂടാതെ ക്ഷീരകർഷകർക്ക്  സബ്സിഡി നൽകാനും വികസന യോഗത്തിൽ തീരുമാനമായി.  മത്സ്യകൃഷി  പ്രോത്സാഹിപ്പിക്കുന്നതിന്  'ഒന്നര സെന്റ് മത്സ്യ കൃഷി 'എന്ന പേരിൽ  പ്രചാരണം നടത്താനും തീരുമാനമായി.

പഞ്ചായത്തിലെ രണ്ട്  അങ്കണവാടികൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും  തുക വകയിരുത്തിയിട്ടുണ്ട്.  കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് പ്രത്യേക തുക മാറ്റിവയ്ക്കാനും വികസന സമിതി യോഗത്തിൽ തീരുമാനിച്ചു.
 
വികസന സെമിനാർ  സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഐ ചാക്കോയ്ക്ക് വികസന രേഖ  കൈമാറി.  ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അധ്യക്ഷൻ എ വി ശ്രീവൽസൻ,  വി എൻ മേനക,  ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്ത്  തുടങ്ങിയവർ പങ്കെടുത്തു.

date