ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടികൾ: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
** ക്യാമറകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും
ജില്ലയിലെ ഗതാഗത പ്രശ്നങ്ങളും റോഡ് സുരക്ഷയും വിലയിരുത്താനായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മുൻ യോഗത്തിൽ നിർദ്ദേശിച്ച വിവിധ പ്രവൃത്തികളുടെ പുരോഗതി കളക്ടർ വിലയിരുത്തി. തിരക്കേറിയ നഗരൂർ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാനും കുറവൻകുഴി ജംഗ്ഷനിൽ അപകട സാധ്യത കുറക്കുന്നതിനായി ബ്ലിങ്കിങ് റെഡ് ലൈറ്റ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് എത്രയും വേഗം തയ്യാറാക്കാൻ കളക്ടർ കെൽട്രോണിനോട് നിർദ്ദേശിച്ചു.
ശാസ്തമംഗലം മരുതംകുഴി വൺവേയിൽ അപകടങ്ങൾ ഒഴിവാക്കാനായി സൂചനാബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കോവളം, വാഴമുട്ടം ജംഗ്ഷനുകളിലും ഈഞ്ചക്കൽ തിരുവല്ലം റോഡിലും ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കും.
മെഡിക്കൽ കോളേജ് ഉള്ളൂർ ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗ് തടയാനും പകരം പാർക്കിംഗ് സ്ഥലം കണ്ടെത്താനും കളക്ടർ നിർദ്ദേശിച്ചു. നഗരത്തിലെ പ്രധാന റോഡുകളിൽ സ്പീഡ് ക്യാമറ, വളവുകളിൽ കോൺവെക്സ് ലെൻസ് എന്നിവ സ്ഥാപിക്കാനും കളക്ടർ നിർദ്ദേശിച്ചു . ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തകർന്ന നിലയിലുള്ള നടപ്പാതകൾ പുനർനിർമ്മിക്കുന്നതിനു വേണ്ട നടപടികൾ വേഗത്തിലാക്കണമെന്നും കളക്ടർ പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സാജൻ. ജി, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments