തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്താനായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ക്ഷേത്രം സന്ദർശിച്ചു. ബലിതർപ്പണ ചടങ്ങുകൾക്കായി ഒൻപത് മണ്ഡപങ്ങളാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ക്ഷേത്രത്തിലെ തീർത്ഥകുളം ശുചീകരിക്കാനും വെള്ളം പമ്പ് ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
തിരക്ക് ഒഴിവാക്കാൻ വരിയായി ആളുകളെ കടത്തിവിടാനും ബലി മണ്ഡപങ്ങളുടെ വലുപ്പം കൂട്ടാനും കളക്ടർ ആവശ്യപ്പെട്ടു. മാലിന്യനിർമാർജ്ജനത്തിനായി കൃത്യമായ മാനദണ്ഡം പാലിക്കണം. അതോടൊപ്പം വാഹന പാർക്കിങ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ ഒരുക്കാനും കളക്ടർ നിർദേശിച്ചു.
ബലിതർപ്പണത്തിനായി അമ്പതിനായിരം പേർ എത്തുമെന്നാണ് പ്രതീക്ഷ. ടിക്കറ്റുകൾ ഓൺലൈനായും ക്ഷേത്രത്തിൽ നേരിട്ടെത്തിയും വാങ്ങാവുന്നതാണ്. ഒരു തവണ 3000 പേർക്ക് ബലിയിടാൻ കഴിയും. കുളക്കടവിൽ ഷവറുകളും ഇ - ടോയ്ലറ്റ് സംവിധാനങ്ങളും സജ്ജീകരിക്കും. അന്നേ ദിവസം ആരോഗ്യപ്രവർത്തകരുടെയും ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും ഉറപ്പുവരുത്തണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
സബ് കളക്ടർ എം. എസ് മാധവികുട്ടി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഷാജി.എസ്, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ പ്രജിത് കുമാർ എസ്. പി, റെവന്യൂ - ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
- Log in to post comments