എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ലോക്‌സഭാ, രാജ്യസഭാ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച ഇ. അഹമ്മദ് എം.പിയുടെ ഭരണാനുമതി നല്‍കിയ 391 പ്രവൃത്തികളില്‍ 14.16 കോടിയുടെ 374 പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം 15.78 കോടിയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിരുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി 4.46 കോടിയുടെ 128 പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ 19 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍ദ്ദേശിച്ച 24.12 കോടി ചെലവ് വരുന്ന 439 പ്രവൃത്തികളില്‍ 351 എണ്ണം പൂര്‍ത്തിയായി. പി.വി. അബ്ദുല്‍ വഹാബ് എം.പി നിര്‍ദ്ദേശിച്ച 266 പ്രവൃത്തികളില്‍ 179 എണ്ണത്തിന് ഭരണാനുമതി നല്‍കി. ഇതില്‍ 4.43 കോടിയുടെ 90 പ്രവൃത്തികള്‍ പൂര്‍ത്തിയായി. എം.ഐ ഷാനവാസ് എം.പിയുടെ ഭരണാനുമതി നല്‍കിയ 128 പ്രവൃത്തികളില്‍ 121 പ്രവൃത്തികള്‍ പൂര്‍ത്തിയായി. രാജ്യസഭാ എം.പിമാരായിരുന്ന കെ.എന്‍. ബാലഗോപാല്‍, സി.പി. നാരായണന്‍, എം.കെ ആന്റണി, കെ.കെ രാഗേഷ്, ജോയ് എബ്രഹാം, പി.ജെ കുര്യന്‍, പ്രൊഫസര്‍ റിച്ചാര്‍ഡ് ഹെ, വയലാര്‍ രവി തുടങ്ങിയവരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികളും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments