ട്രോളിംഗ്: ആശ്വാസവിതരണത്തിന് 58 കോടി ചെലവാക്കി- ജെ. മേഴ്‌സിക്കുട്ടി അമ്മ * പരപ്പനങ്ങാടിയിലും പൊഴിയൂരിലും ഹാര്‍ബറുകള്‍ നിര്‍മ്മിക്കും * പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കില്ല
ട്രോളിംഗ് സമയത്തുളള ആശ്വാസസഹായ വിതരണത്തിനായി 58 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മത്സ്യമേഖലയിലെ അനര്‍ഹരെ ഒഴിവാക്കി 'മില്‍മാ മോഡല്‍' നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മത്സ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും ബോട്ട് ഉടമാ അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാല്‍ അളക്കുന്നവര്‍ക്കു മാത്രം സഹായം നല്‍കുന്ന 'മില്‍മാ മോഡല്‍' യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പരമിതിപ്പെടുത്തുന്ന രീതിയില്‍ നടപ്പാകേണ്ടതുണ്ട്. എങ്കിലേ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഫലങ്ങള്‍ പൂര്‍ണമായി ലഭിക്കൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെ സഹായം മന്ത്രി അഭ്യര്‍ഥിച്ചു.
1500 രൂപ വീതം മത്സ്യത്തൊഴിലാളിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും നല്‍കിയാണ് 4500 രൂപാ വീതം ഓരോ മത്സ്യത്തൊഴിലാളിക്കും ട്രോളിംഗ് കാലയളവില്‍ വിതരണം ചെയ്യുന്നത്. ഇതിനുളള കേന്ദ്രധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ആ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതിനാലാണ് 58 കോടി രൂപ ചെലവഴിക്കേണ്ടിവന്നത്.
മണ്ണെണ്ണ സബ്‌സിഡി പദ്ധതിക്കായി 2017-18 വര്‍ഷം 32 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തെ സബ്‌സിഡി തുക വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. മത്സ്യമേഖലയിലെ പുതിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരും, ട്രേഡ് യൂണിയന്‍-സന്നദ്ധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ എതവസരത്തിലും ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുളള നിരവധി മാര്‍ഗങ്ങളില്‍ ഒന്നായാണ് ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ഇതിനായി പൂര്‍ണ മത്സ്യബന്ധനനിരോധനം വേണമെന്നുളള ചില സംഘടനകളുടെ ആവശ്യം ശരിയല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്ന ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. കേരളത്തില്‍ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടിയിലും പൊഴിയൂരിലും പുതിയ ഹാര്‍ബറുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചെറുമത്സ്യങ്ങളുടെ സംരക്ഷണം മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. എല്ലാ ഹാര്‍ബറുകളിലും ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍ബറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുളള ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉടനെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, ഫിഷറീസ് പ്രിന്‍സിപല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ആര്‍. അഗസ്റ്റിന്‍ ഗോമസ്, പി.കെ നവാസ്, റ്റി പീറ്റര്‍, ഉമ്മര്‍ ഓട്ടുമ്മല്‍, പി.പി. പ്രസാദ്, സീറ്റാദാസന്‍, പുല്ലുവിള സ്റ്റാന്‍ലി, ചാള്‍സ് ജോര്‍ജ്, നൂറുദീന്‍, പീറ്റര്‍ മര്‍ത്യാസ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കാള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.2998/18
- Log in to post comments